കൊച്ചി കുണ്ടനൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നതിൽ നിർണായക വഴിത്തിരിവ്. നടന്നത് കള്ളപ്പണം വെളുപ്പിക്കലിന്റെ പുതിയ രീതിയായ ട്രേഡ് പ്രോഫിറ്റ് ഫണ്ട് തട്ടിപ്പ് എന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
14 ലക്ഷം രൂപയുടെ ഏലക്കയടക്കം 72 ലക്ഷം പ്രതികളിൽ നിന്ന് പോലീസ് പിടികൂടി.
നടക്കാത്ത ബിസിനസിന്റെ രേഖകൾ ഉണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതാണ് ട്രേഡ് പ്രോഫിറ്റ് ഫണ്ട് തട്ടിപ്പ്. പണമുള്ളവരെ കണ്ടെത്താൻ ഏജന്റുമാരുണ്ട്. കേസിൽ പിടിയിലായ അഭിഭാഷകനാണ് പ്രധാന ഏജന്‍റ്. കുണ്ടന്നൂരിലെ കവർച്ച ആസൂത്രണം ചെയ്തത് നിഖിൽ, ജോജി, ബുഷറ എന്നിവർ ചേർന്നാണ്. പോലീസിൽ പരാതിപ്പെട്ടാൽ പരാതിക്കാരനെ കുടുക്കാനും പ്രതികൾ തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രതികളിൽനിന്ന് പണമായി 58 ലക്ഷം രൂപയും, 14 ലക്ഷം രൂപയുടെ എലക്കയും പിടിച്ചെടുത്തു.
ഏലക്കർഷകനും പന്ത്രണ്ടാം പ്രതിയും ആയ ലെനിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തുക ഏലക്ക വാങ്ങാൻ ഉപയോഗിച്ചതായി തെളിഞ്ഞത്. ഒന്നാംപ്രതി ജോജിയെ ഇടുക്കി മുരിക്കാശ്ശേരിയിലെ ഏലത്തോട്ടത്തിൽ ഒളിച്ചിരിക്കാൻ സഹായിച്ചതും ഇയാളാണ്. ഇവിടെനിന്നാണ് ജോജിയെ അന്വേഷണസംഘം പിടികൂടിയത്. ഇടുക്കിയിൽ നിന്ന് തൊണ്ടിമുതലായി പിടികൂടിയ ചാക്കുകണക്കിന് ഏലക്ക മരട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.
ബാക്കി എട്ടു ലക്ഷത്തിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിയ പ്രതികൾ, ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനും പണം ഉപയോഗിച്ചു. പ്രതികൾ ഉപയോഗിച്ച എയർ പിസ്റ്റളും പിടികൂടി. ഇനി ഒരാൾ കൂടിയാണ് കേസിൽ അറസ്റ്റിലാകാനുള്ളത്.