എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ കൊണ്ടാടുന്ന പ്രധാന ഉല്‍സവമാണ് കര്‍വ ചൗത്ത്. ഇത്തവണ ഒക്ടോബർ 10 നായിരുന്നു ഉല്‍സവം. കര്‍വാ ചൗത്ത് അനുഷ്ഠിക്കുന്ന സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സിനിമാ കഥകളെ വെല്ലുന്നതരത്തില്‍ കര്‍വ ചൗത്ത് ദിനം നടന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർവാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞത് വേറെ ആരുമല്ല. 12 നവവധുക്കളാണ്!
ഉത്തര്‍പ്രദേശിലെ അലിഗഡിലെ സസ്‌നി ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, കര്‍വ ചൗത്ത് ദിനം ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി ഉപവസിക്കുകയും ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുകയും ചെയ്ത് ഉറങ്ങാന്‍ കിടന്ന 12 നവവധുക്കള്‍ നേരം പുലര്‍ന്നപ്പോള്‍ അപ്രത്യക്ഷരാകുകയായിരുന്നു. ഒപ്പം വീടുകളില്‍ നിന്നുള്ള 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും പണവും അപ്രത്യക്ഷം. ഒടുവില്‍ നടത്തിയ അന്വേഷണത്തിലാണ് അവർ പണവും ആഭരണങ്ങളും കൊണ്ട് കടന്നുകളഞ്ഞതാണെന്ന് തെളിഞ്ഞത്.
കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണത്തിൽ ലഹരി കലർത്തി അവരെ മയക്കി കിടത്തിയ ശേഷമാണ് ഇവർ പണവും സ്വർണവുമായി മുങ്ങിയത്. വൻ വിവാഹ തട്ടിപ്പിന്റെ ഭാഗമാണിതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള ബ്രോക്കർമാർ വഴിയാണ് കാണാതായ യുവതികളെ തങ്ങളുടെ മക്കള്‍ക്കായി കുടുംബങ്ങള്‍ കണ്ടെത്തിയത്. ഇതിനായി ബ്രോക്കർമാർക്ക് വലിയ തുക കുടുംബങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ യുവതികള്‍ മുങ്ങിയതിന് പിന്നാലെ ഈ ബ്രോക്കര്‍മാരും അപ്രത്യക്ഷരായി.
സംഭവത്തില്‍ ഇതുവരെ നാല് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ കുടുംബങ്ങള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും എഎസ്പി മായങ്ക് പഥക് പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടുള്ള തട്ടിപ്പാണ് നടന്നതെന്നും എല്ലാവരുടെയും വിശ്വാസം നേടുന്നതിനായി യുവതികള്‍ ഭര്‍ത്താക്കന്‍മാരുടെ വീടുകളില്‍ താമസിക്കുകയും കർവാ ചൗത്തിന് വ്രതം അനുഷ്ഠിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നക്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.