വസ്തു എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് നേരെ തോക്കെടുത്തു ഭീഷണിപ്പെടുത്തിയ മകൻ അറസ്റ്റിൽ. പള്ളിക്കൽ സ്വദേശിയായ ലിസിയുടെ പരാതിയിലാണ് മകൻ അറസ്റ്റിലായത്. ലിസിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ രണ്ടാമത്തെ മകനായ ജോറിന്റെ തോക്ക് കണ്ടെത്തി.

കഴിഞ്ഞ 30 വർഷമായി ഭർത്താവുമായി വിദേശത്ത് താമസിച്ചിരുന്ന ലിസി നാല് മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ശേഷം ഇളയമകൻ അയറിനൊപ്പമായിരുന്നു ലിസിയുടെ താമസം. ഈ സമയത്താണ് ലിസിയുടെ മുറിയിലെത്തിയ രണ്ടാമത്തെ മകൻ ജോറും ഭാര്യയും ചേർന്ന് ഭീഷണി മുഴക്കിയത്. അയർ മറ്റൊരു മുറിയിലായിരുന്നതിനാൽ സംഭവം നടക്കുമ്പോൾ അദ്ദേഹം ഇടപെട്ടില്ല. ലിസിയുടെ മുറിയിലേക്ക് നേരിട്ട് കയറിയ പ്രതികൾ തോക്ക് ചൂണ്ടി തങ്ങളുടെ മക്കളുടെ പേരിൽ സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ടത് നടന്നില്ലെങ്കിൽ കൊല്ലപ്പെടുത്തും എന്നും ഭീഷണി മുഴക്കി.

ഇതോടെ ലിസി ഇളയമകൻ അയറിനോട് കാര്യങ്ങൾ പറയുകയും തുടർന്ന് അയർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് ജോറിനെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേസെടുത്ത പൊലീസ്, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തത്. സ്വത്ത് തർക്കമാണ് തോക്കെടുത്തുള്ള ഭീഷണിക്ക് കാരണം. 

ENGLISH SUMMARY:

Property dispute leads to son's arrest for threatening his mother with a gun. The accused demanded property be transferred to his children, leading to police intervention.