ഇമാമിന്‍റെ ഭാര്യയും രണ്ടു മക്കളെയും പള്ളി വളപ്പിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇര്‍സാന (30), മക്കളായ സോഫിയ(അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നാണ് സൂചന.
ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമായ ഇബ്രാഹിമിന്‍റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പള്ളി വളപ്പില്‍ തന്നെയുള്ള വീട്ടില്‍ ചോരയൊലിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുന്ന സമയം ഇബ്രാഹിം സ്ഥലത്തുണ്ടായിരുന്നില്ല.
ഇര്‍സാനയുടെ മൃതദേഹം തറയിലും രണ്ട് പെൺകുട്ടികളുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയില്‍ കട്ടിലിലുമായിരുന്നു. സംഭവത്തെ പറ്റി ഒരു ധാരണയുമില്ലെന്നും ചുറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളുണ്ടെന്നും ഇബ്രാഹിം പറഞ്ഞു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പള്ളി കോമ്പൗണ്ടിലെ സിസിടിവികള്‍ സംഭവസമയത്ത് ഓഫാക്കിയ നിലയിലായിരുന്നു.
മദ്രസയില്‍ പഠനത്തിനെത്തിയ കുട്ടികളാണ് മൃതദേഹം കണ്ട് നാട്ടുകാരെ വിവരമറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ചു. സംഭവത്തിന്‍റെ പ്രധാന്യം കണക്കിലെടുത്തി മീററ്റ് റേഞ്ച് ഡിഐജി സ്ഥലത്തെത്തി. സാധ്യമായ എല്ലാ കോണുകളും അന്വേഷിക്കുകയാണെന്നും കുടുംബ തര്‍ക്കമോ മോഷണ ശ്രമമോ എന്നും പരിശോധിക്കുമെന്ന് ഡിഐജി പറഞ്ഞു. അന്വേഷണത്തിന് അഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
മുസാഫർനഗർ ജില്ലയിലെ സുന്ന ഗ്രാമത്തിൽ നിന്നുള്ളയാണ് ഇമാം ഇബ്രാഹിം. കഴിഞ്ഞ നാല് വർഷമായി ഗംഗനൗലിയിലെ ബാഡി മസ്ജിദിലാണ് ജോലി ചെയ്യുന്നത്.