ബിഹാറില്‍ കാമുകിയെ വിവാഹം കഴിക്കാനായി സ്വന്തം ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്. നളന്ദ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള വികാസ് കുമാറാണ് തന്‍റെ രണ്ടാം ഭാര്യയായ സുനിത ദേവിയെ (25) കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കുന്നത് സുനിത എതിര്‍ത്തതോടെ യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്, ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു.
അഞ്ച് വർഷം മുമ്പാണ് വികാസ് സുനിതയെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹം മറച്ചുവച്ചായിരുന്നു സുനിതയുമായുള്ള വിവാഹം. വിവാഹത്തിന് ശേഷമാണ് വികാസിന് മറ്റൊരു ഭാര്യയുണ്ടെന്നും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും മനസ്സിലായതെന്ന് സുനിതയുടെ പിതാവ് പറഞ്ഞു. സുനിതയ്ക്കും വികാസിനും രണ്ട് കുട്ടികള്‍ ജനിച്ചിരുന്നുവെങ്കിലും രണ്ടുപേരും ജനിച്ച് അധികം താമസിയാതെ മരിച്ചു. തുടർന്നാണ് തന്റെ കാമുകിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വികാസ് സംസാരിക്കാൻ തുടങ്ങിയത്. ഇത് സുനിതയും വികാസും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾക്ക് കാരണമാകുകയും ചെയ്തു. തുടർന്ന് സുനിത തന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം ദുർഗാ പൂജ ഉത്സവത്തിന് മുമ്പായി വികാസ് സുനിതയുടെ വീട്ടിലെത്തി തന്നോടൊപ്പം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെച്ചു. എന്നാല്‍ ശനിയാഴ്ച പുലർച്ച സുനിത വീട്ടുകാരെ വിളിക്കുകയുണ്ടായി. വികാസ് തന്‍റെ മേല്‍ പെട്രോളൊഴിടച്ച് മുറ്റത്ത് കെട്ടിയിട്ടിരിക്കുകയാണ് എന്നാണ് സുനിത പറഞ്ഞത്. തുടർന്ന് സ്റ്റൗവിന്റെ വാൽവ് തുറന്ന് ഗ്യാസ് തുറന്നുവിട്ട ശേഷം തീകൊളുത്തുകയായിരുന്നു. താൻ രക്ഷപ്പെടില്ലെന്ന് സുനിത പറഞ്ഞതായി സഹോദരന്‍ പറയുന്നു. അതിനുശേഷം സുനിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
സുനിതയുടെ കുടുംബം ഗ്രാമത്തിൽ എത്തിയപ്പോഴേക്കും വികാസും കുടുംബവും സുനിതയുടെ മൃതദേഹം സംസ്കരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സുനിതയുടെ കുടുംബത്തെ കണ്ട വികാസ് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുനിതയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. അതേസമയം, വികാസും കുടുംബവും ഒളിവിലാണ്.