tamil-nadu-crime-father-kills-children-alcoholism-crime-tanjore

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഞെട്ടിക്കുന്ന കൂട്ടക്കൊല. കടുത്ത മദ്യപാനത്തിന് അടിമയായിരുന്ന പിതാവ് മൂന്ന് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി. 12 വയസ്സുള്ള ഓവ്യ, എട്ടു വയസ്സുകാരി കീർത്തി, അഞ്ചു വയസ്സുള്ള മകൻ ഈശ്വരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

മധുക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. സംഭവത്തിൽ തൃത്താലൂർ സ്വദേശി എസ്. വിനോദ് കുമാർ (35) ആണ് പ്രതി. ഇയാൾ സംഭവശേഷം പൊലീസിൽ കീഴടങ്ങി.

വിനോദ് കുമാർ സ്ഥിരമായി മദ്യപിക്കുകയും വീട്ടിൽ വന്ന് കുട്ടികളുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ആറു മാസം മുൻപ് ഇയാളുടെ ഭാര്യ, സമൂഹമാധ്യമം വഴി പരിചയപ്പെട്ട മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയതിനുശേഷം വിനോദ് കുമാർ കടുത്ത മദ്യപാനത്തിന് അടിമപ്പെടുകയായിരുന്നു. ഈ മാനസികാവസ്ഥയിൽ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായി.

പൊലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് കുമാർ അമിതമായി മദ്യലഹരിയിലായിരുന്നു. കുട്ടികളുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് വഴക്ക് മൂർച്ഛിക്കുകയും, തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് കുട്ടികളുടെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകം നടത്തിയ ഉടൻ തന്നെ പ്രതിയായ വിനോദ് കുമാർ മധുക്കൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ് പൊലീസുകാർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും അപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു.

പൊലീസ് വിനോദ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും, കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുന്നുണ്ടെന്നും തഞ്ചാവൂർ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ENGLISH SUMMARY:

Tanjore Triple Murder case shocked the nation. A father, addicted to alcohol, murdered his three children in Tanjore, Tamil Nadu, and then surrendered to the police.