മൈസൂരുവിൽ നാടോടി ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് പിടിച്ചു. മൈസൂരു സിദ്ധിലിംഗപുര സ്വദേശി കാർത്തിക്കിനെയാണ് കാലിൽ വെടിവെച്ച് വീഴ്ത്തിയതിനുശേഷം അറസ്റ്റ് ചെയ്തത്. ദസറയോടനുബന്ധിച്ച് നഗരത്തിൽ ബലൂൺ വിൽപനക്കെത്തിയ കുടുംബത്തിലെ പത്തുവയസ്സുകാരിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
ദസറ എക്സിബിഷൻ ഗ്രൗണ്ടിന് സമീപം ഉറങ്ങിക്കിടന്ന നാടോടി കുടുംബത്തിലെ പത്തുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ബലൂണുകളും കളിപ്പാട്ടങ്ങളും വിൽപനക്കായി എത്തിയ കലബുറഗിയിൽനിന്നുള്ള സംഘത്തിലെ അംഗമാണ് കുട്ടി. ഇന്നലെ പുലർച്ചെ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുന്നിടത്തുനിന്ന് പ്രതി കാർത്തിക് എടുത്തു കൊണ്ടുപോയി പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു.
പുലർച്ചെ ഉണർന്ന കുട്ടിയുടെ അച്ഛനാണ് മകളെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. കൊലപാതകത്തിനുശേഷം കൊല്ലഗലിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണമുണ്ടായി. തുടർന്ന് ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മറ്റൊരു പീഡനക്കേസിൽ ജയിലിലായിരുന്ന പ്രതി നാലുമാസം മുൻപാണ് പുറത്തിറങ്ങിയത്.