ബെംഗളൂരുവില്‍ മലയാളി യുവതിക്കുനേരെ ഊബര്‍ ഓട്ടോഡ്രൈവറുടെ കയ്യേറ്റ ശ്രമം. ബുക്ക് ചെയ്ത സ്ഥലത്തേക്കു പോകാന്‍ കൂട്ടാക്കാത്തതു ചോദ്യം ചെയ്തതോടെയാണു ഓട്ടോഡ്രൈവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതിയെ പാതിവഴിയില്‍ ഇറക്കിവിടാനും ശ്രമമുണ്ടായി
സ്ത്രീകള്‍ക്കു സുരക്ഷിത ഇടമെന്നു പേരുകേട്ട ഐ.ടി നഗരത്തില്‍ നിന്നാണ് ഈ സംഭവം. രാത്രി പത്തുമണിയോടെ കോറമംഗലയിലെ താമസ സ്ഥലത്തേക്കു പോകാനായി ഊബര്‍ വഴി ഓട്ടോ ബുക്ക് ചെയ്തതായിരുന്നു യുവതി. യാത്ര തുടങ്ങിയതിനു പിറകെ ബുക്കു ചെയ്ത സ്ഥലത്തേക്കു പോകില്ലെന്നു ഡ്രൈവര്‍ നിലപാടെടുത്തു. തിരിക്കാന്‍ ഇടമില്ലാത്തതിനാലാണു പോകാത്തതെന്നായിരുന്നു വാദം. എന്നാല്‍ കാര്‍ പോകുന്ന സ്ഥലമാണന്നു യുവതി പറഞ്ഞതോടെ തര്‍ക്കമായി. യുവതിയെ ഇറക്കിവിടാനായി ശ്രമം. എതിര്‍ത്തതോടെ യാത്ര തുടങ്ങിയ സ്ഥലത്തേക്കു തിരികെ പോകാമെന്നായി.
ഇറങ്ങിയില്ലെങ്കില്‍ മുഖത്തടിച്ചിറക്കുമെന്നു ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ എവിടെ വേണമെങ്കിലും പരാതിപെടാനും വെല്ലുവിളിക്കുകയും ചെയ്തു.