ഓൺലൈൻ വിഡിയോ ഗെയിമിനിടെ ബോളിവുഡ് നടൻ അക്ഷയ കുമാറിന്റെ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് മഹാരാഷ്ട്ര സൈബർ ക്രൈം സെൽ. അടിയന്തരമായി കുറ്റവാളിയെ കണ്ടെത്തണമെന്നാണ് ഉന്നതതല നിർദ്ദേശം. ഒരു മാസം മുമ്പാണ് ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായ അപരിചിതനായ വ്യക്തി നഗ്നചിത്രം ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് തന്റെ മകൾക്ക് നേരിടേണ്ട ദുരനുഭവത്തെക്കുറിച്ചും, സൈബർ മേഖലയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ചും അക്ഷയ് കുമാർ മുന്നറിയിപ്പ് നൽകിയത്.
ഇതിന് പിന്നാലെയാണ് സംസ്ഥാന സൈബർ ക്രൈം സെൽ പ്രാഥമികമായ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, സൈബർ കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്രയിൽ 36% കേസുകളുടെ വർദ്ധന എന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നത്. അതിൽ 4,131 കേസുകളും മുംബൈ നഗരത്തിനുള്ളിൽ നിന്ന് തന്നെയാണ്.