Image Credit: X
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ടു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ജൂഹുവിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അക്ഷയ്യും ട്വിങ്കിളും സുരക്ഷിതരാണ്. മറ്റൊരു കാര്‍ ഓട്ടോറിക്ഷയിലേക്ക് പിന്നില്‍ നിന്നും ഇടിച്ചു കയറിയതോടെ ഓട്ടോ തലകുത്തനെ മറിയുകയും അക്ഷയ്കുമാറിന്‍റെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ വലതുവശത്തേക്ക് കുത്തി ഉയര്‍ന്നു. ഓടിയെത്തിയ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കുകയും ഓട്ടോറിക്ഷ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിലാക്കുകയും ചെയ്തു. ആര്‍ക്കും സാരമായ പരുക്കുകളില്ല. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അക്ഷയ്യുടെ അകമ്പടി വാഹനത്തിനും സാരമായ കേടുപാടുണ്ട്. അപകടത്തില്‍ അക്ഷയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
25–ാം വിവാഹവാര്‍ഷികം വിദേശത്ത് ആഘോഷിച്ച ശേഷം മടങ്ങിയെത്തിയതായിരുന്നു അക്ഷയ്യും ട്വിങ്കിളും. ഇരുവരും പാരാഗ്ലൈഡ് ചെയ്യുന്നതിന്‍റെ വിഡിയോ ട്വിങ്കിള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 'പറന്നുയരാന്‍ പരസ്പരം പ്രേരിപ്പിക്കുന്നതാണ് ഞങ്ങളുടെ ബന്ധത്തിലെ ഏറ്റവും മനോഹരമായ കാര്യം. ചിലപ്പോഴൊക്കെ ദേ ഇതുപോലെ അക്ഷരാര്‍ഥത്തില്‍ പറക്കും' എന്നായിരുന്നു ട്വിങ്കിള്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്. 2001 ജനുവരി 17നാണ് അക്ഷയ്യും ട്വിങ്കിളും വിവാഹിതരായത്. ആരവ്, നിതാര എന്നിവരാണ് മക്കള്‍.
പ്രിയദര്‍ശന്‍റെ ഹയ്വാന് എന്ന ചിത്രമാണ് അക്ഷയ്യുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. സെയ്ഫ് അലി ഖാനും സയാമി ഖേറുമാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. വൈകാതെ ചിത്രം തിയറ്ററുകളിലെത്തും. സുഭാഷ് കപൂറിന്‍റെ ജോളി എല്‍എല്‍ബി 3യാണ് അക്ഷയ്യുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.