അനധികൃത ലോൺആപ്പുകൾ വീണ്ടും തല പൊക്കിയതോടെ പൂട്ടാൻ നടപടി കടുപ്പിച്ച് സൈബർ പൊലീസ്. കെണിയിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസിൽ വിവരമറിയിക്കണമെന്നും നിർദേശം. പാലക്കാട്ട് ലോൺ ആപ്പ് കെണിയിൽ പെട്ട് 5 വർഷത്തിനിടെ ജീവനൊടുക്കിയത് 9 പേരാണ്.
കഴിഞ്ഞ ദിവസമാണ് ചിറ്റൂർ മേനോൻപാറ സ്വദേശി അജീഷ് ലോൺആപ്പിൽ നിന്നുള്ള ഭീഷണി മൂലം ആത്മഹത്യ ചെയ്തത്. 6000 രൂപ ലോൺ എടുത്തതിന്റെ പതിന്മടങ് തിരിച്ചടച്ചെങ്കിലും അജീഷിന്റെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതോടെ ജീവനൊടുക്കി. ജില്ലയിൽ 5 വർഷത്തിനിടെ ലോൺ ആപ്പ് കെണിയിൽ പെട്ട് ജീവനൊടുക്കിയത് 9 പേരാണ്. ആപ്പുകളെയും കുറ്റവാളികളെയും പൂട്ടാൻ സൈബർ പൊലീസ് നടപടി കടുപ്പിച്ചിട്ടുണ്ട്
നേരത്തെ കർശന നടപടിയെടുത്ത് പൊലീസ് വിവിധ ആപ്പുകൾക്ക് പൂട്ടിട്ടിരുന്നു. എന്നാൽ 2025 നവംബർ മാസത്തോടെ പല പേരുകളിലായി വീണ്ടും സജീവമായി. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം വഴിയാണ് ലോൺ ആപ്പുകളിലേക്കെത്തുന്നത്. തട്ടിപ്പനു പിന്നിൽ ഉത്തരേന്ത്യക്കാർ തൊട്ട് മലയാളികൾ വരേയുണ്ട്. തട്ടിപ്പു സംഘത്തിന്റെ കെണിയിൽ പെട്ടാൽ പൊലീസിനെ അറിയിക്കൽ മാത്രമാണ് പരിഹാരം.
അതിനിടെ ഇന്ത്യൻ സൈബർക്രൈം കോർഡിനേഷൻ സെന്റർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ആപ്പിൽ നിന്നാണ് അജീഷിനു ഭീഷണിയെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൊഴിഞ്ഞമ്പാറ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.