ai generated image
സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആർക്കും ഭയമുണ്ടാക്കുന്ന ഒരവസ്ഥയാണ്. അത്തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കില്ല എന്നൊരു ധാരണ പൊതുവിലുണ്ട്. ഐടി നിയമപ്രകാരം സർക്കാരോ പോലീസോ നടപടിയെടുത്ത് നീക്കം ചെയ്താലും, സ്ക്രീൻഷോട്ടുകളോ സ്ക്രീൻ റെക്കോർഡുകളോ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന ഇക്കാലത്ത്, ഒരു ചിത്രമോ വീഡിയോയോ പൂർണ്ണമായി ഇല്ലാതാക്കുക എന്നത് എങ്ങനെ സാധ്യമാകും?
എന്നാൽ, അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന സ്വകാര്യ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് നിലവിലുണ്ട്. stopNCII.org അഥവാ STOP Non-Consensual Intimate Image Abuse എന്നാണിത്. Facebook, Instagram, WhatsApp, X എന്നിവയുൾപ്പെടെയുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഈ സംരംഭത്തിൽ പങ്കാളികളാണ്. 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ സേവനം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനായി, ബ്രൗസറിൽ stopNCII.org വെബ്സൈറ്റ് തുറക്കുക. ഹോം പേജിൽ 'Create Your Case' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന ചോദ്യത്തിന് 'Myself' എന്ന് മറുപടി നൽകുക. തുടർന്ന്, സോഷ്യൽ മീഡിയയിൽ പ്രചരിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്ന വീഡിയോ അല്ലെങ്കിൽ ഫോട്ടോ ഗാലറിയിൽ നിന്ന് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുക. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയോ ഫോട്ടോയോ സൈറ്റിന്റെ സെർവറുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നില്ല.പകരം, സൈറ്റ് ആ ഫോട്ടോ ഉപയോഗിച്ച് ഒരു ഡിജിറ്റൽ കോഡ് അഥവാ ഹാഷ് വാല്യു സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ യഥാർത്ഥ ചിത്രം സുരക്ഷിതമായിരിക്കും.
ഫോട്ടോ സമർപ്പിച്ചതിന് ശേഷം, പരാതിയുമായി ബന്ധപ്പെട്ട ഒരു കേസ് ഐഡി (Case ID) ലഭിക്കും. ഈ ഐഡി, കേസിന്റെ തുടർ അപ്‌ഡേറ്റുകൾ അറിയാൻ സഹായകമാകും. നേരത്തെ സൃഷ്ടിച്ച ഈ ഹാഷ് വാല്യു ഉപയോഗിച്ച് ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അവരുടെ ഡാറ്റാബേസുകളിൽ പരിശോധന നടത്തുകയും, ഈ ഫോട്ടോയോ അതുമായി സാമ്യമുള്ളതോ ആയ എല്ലാ വീഡിയോകളും ചിത്രങ്ങളും കണ്ടെത്തി പൂർണ്ണമായി നീക്കം ചെയ്യുകയും ചെയ്യും. ഭാവിയിൽ ആരെങ്കിലും ഈ ദൃശ്യങ്ങൾ വീണ്ടും ഷെയർ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ ശ്രമിച്ചാൽ, ഒരു എറർ സന്ദേശം ആയിരിക്കും കാണിക്കുക.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യാൻ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ സാധിക്കൂ. പോലീസിന്റെയോ കോടതിയുടെയോ ഔദ്യോഗിക രേഖകളിൽ നിന്നോ ഫയലുകളിൽ നിന്നോ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ഈ വഴി പ്രയോജനപ്പെടുത്താനാവില്ല.