കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പ്രതികള്‍ പിടിയില്‍. ശൂരനാട് സ്വദേശികളായ നാലു പേരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തൃശൂര്‍ സ്വദേശി ആരോമലിനെ തട്ടിക്കൊണ്ടുപോകുന്നതിനു കാരണമായി യുവാക്കള്‍ നല്‍കിയ മൊഴി.
ദൃശ്യങ്ങളില്‍ കാണുന്നതുപോലെ നിറയെ ആള്‍ക്കാര്‍ നോക്കിനില്‍ക്കുമ്പോഴാണ് ആരോമലിനെ ആക്രമിച്ച് താഴെയിട്ട് വലിച്ചിഴച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം 7.30 യ്ക്കായിരുന്നു ആക്രമണവും തട്ടിക്കൊണ്ടുപോകലും. പിന്നാലെ പരാതി പൊലീസിലെത്തി. നേരം പുലരും മുന്‍പുതന്നെ പ്രതികളെ ഇരവിപുരം പൊലീസ് പൊക്കി.
പൊലീസ് നടത്തിയ തെരച്ചലിലാണ് അക്രമികളെ പിടികൂടി യുവാവിനെ മോചിപ്പിച്ചത്. തൃശൂര്‍ സ്വദേശി ആരോമലിനെ കൊല്ലത്ത് സ്വകാര്യ ആശുപത്രി പരിസരത്തു നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായി യുവാക്കള്‍ നല്‍കിയ മൊഴി. വന്‍ തുക തങ്ങളില്‍ നിന്നും ആരോമല്‍ വാങ്ങിയിട്ടുണ്ടെന്നും തിരികെ തരാന്‍ വിസമ്മതിച്ചെന്നും, പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരോമല്‍ ഹാജരായില്ലെന്നും യുവാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. തട്ടികൊണ്ടു പോകല്‍ സംഘത്തിലുള്ള അഞ്ചുപേരെ കൂടി കിട്ടാനുണ്ടെന്നു ഇരവിപുരം പൊലീസ് അറിയിച്ചു.