പരിശോധനകള്‍ കര്‍ശനമാക്കിയതോടെ സംസ്ഥാനത്തെ ലഹരിമാഫിയ സംഘങ്ങള്‍ ലഹരിയിടപാടുകള്‍ ഡേറ്റിങ് ആപ്പുകള്‍ വഴിയാക്കി. ഗ്രിന്‍ഡര്‍ എന്ന ഗേ ഡേറ്റിങ് ആപ്പ് വഴിയാണ് ലഹരിയിടപാടുകള്‍ ഏറെയും. ആളുകളുടെ ഫേക്ക് ഐഡന്റിറ്റി ക്രിയേറ്റ് ചെയ്താണ് ലഹരിമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം. ഇങ്ങനെ ലഹരികച്ചവടം നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളെയാണ് കൊച്ചിയില്‍ നിന്ന് എക്സൈസ് പിടികൂടിയത്.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ മുഹമ്മദ് റബീഹ്, സഹോദരന് റിസ്വാന് എന്നിവരാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ ഗ്രാന്‍ഡ് റെസിഡന്‍സി ലോഡ്ജിലെ 107ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് 37 ഗ്രാം എംഡിഎം. ഗ്രിന്‍ഡര്‍ ആപ്പിലൂടെയാണ് ഇരുവരും ഓര്‍ഡര്‍ സ്വീകരിച്ചത്. കൊച്ചിയില്‍ എത്തിച്ചു നല്‍കണമെന്നായിരുന്നു ആവശ്യം .ഇത് പ്രകാരം ഇടപാടുകാര്‍ക്ക് ലഹരികൈമാറാന്‍ എത്തിയതായിരുന്നു ഇരുവരും. നേരിട്ട് കൈമാറ്റമില്ല. വഴിയരികില്‍ എവിടെയെങ്കിലും ഒളിപ്പിച്ച് അടയാളം സഹിതം ആപ്പ് വഴി സന്ദേശം നല്‍കും. കൊച്ചിയില്‍ ഇരുവര്‍ക്കും പരിചയക്കാരില്ല. ലഹരികൈമാറാന്‍ മാത്രമായി എത്തിയതെന്നാണ് കണ്ടെത്തല്‍. സമാനമായി പലര്‍ക്കും സഹോദരങ്ങള്‍ ലഹരികൈമാറിയിട്ടുണ്ട്.
എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആര്. അഭിരാജിന്റെ നേതൃത്വത്തിലാണ് ലഹരിവില്പനക്കാരായ സഹോദരങ്ങളെ പിടികൂടിയത്. സിവിൽ എക്സ്സൈസ് ഓഫീസർമാരായ പദ്മഗിരീശൻ, ജിബിനാസ്, ഫെബിൻ, അമൽദേവ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ കനക ഡ്രൈവർ പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.