ത്രിപുരയിലെ ഗോമതി ജില്ലയിൽ പാതി കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കക്കറബൻ പോലീസ് സ്റ്റേഷൻ പരിധിയിലെ മിർസയിൽ മൃതദേഹം കണ്ടെത്തിയത്. ബിജെപി എംഎൽഎയുടെ അനുയായികളുടെ ആക്രമണത്തെ തുടർന്ന് തന്‍റെ ഭാര്യ ആത്മഹത്യ ചെയ്തതാണെന് ആരോപണവുമായി ഭര്‍ത്താവ് രംഗത്തെത്തി.
ബിജെപിയുടെ കക്രബൻ-സൽഗഡ് എംഎൽഎ ജിതേന്ദ്ര മജുംദാറിന്റെ അനന്തരവൻ മന്ന മജുംദാർ ഉൾപ്പെടെ മൂന്ന് പേർ വെള്ളിയാഴ്ച രാത്രി തന്നെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ചതായി സ്ത്രീയുടെ ഭർത്താവ് ആരോപിച്ചു. ഞങ്ങൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയി, പക്ഷേ അവർ അത് സ്വീകരിച്ചില്ല. അതിനാല്‍ വീട്ടിലേക്ക് തിരിച്ചുപോയി. പിറ്റേന്ന് ഉറങ്ങിയെണീറ്റപ്പോള്‍ ഭാര്യയെ കണ്ടില്ല. പകുതി കത്തിക്കരിഞ്ഞ നലിയില്‍ മൃതദേഹം അടുത്തുള്ള ഒരു റോഡിൽ നിന്നാണ് കണ്ടെത്തിയത്. മന്ന മജുംദാറും അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളുമാണ് എന്റെ ഭാര്യയുടെ മരണത്തിന് ഉത്തരവാദികള്‍," അദ്ദേഹം ആരോപിച്ചു.
ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്ഡിപിഒ ദേബാഞ്ജലി റേ പറഞ്ഞു.
യുവതിയുടെ മരണത്തിന് പിന്നാലെ കക്രബൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജയ് സർക്കാരിനെ ഡ്യൂട്ടിയിലെ അശ്രദ്ധയുടെ പേരിൽ സസ്പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.