അങ്കമാലി തട്ടുപാറ പള്ളിക്കടുത്തെ പാറമടയില്‍ അജ്ഞാത മൃതദേഹം. ചൂണ്ടയിടാനെത്തിയ യുവാക്കളാണ് അരയ്ക്ക് കീഴ്പ്പോട്ടുള്ള മൃതദേഹ ഭാഗം കണ്ടെത്തിയതും പൊലീസിനെ വിവരം അറിയിച്ചതും. ട്രാക്ക് പാന്‍റ് ധരിച്ച നിലയിലാണ് കണ്ടെത്തിയ മൃതദേഹഭാഗം. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണെന്നും പൊലീസ് പറയുന്നു.
വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പാറമടയായിരുന്നു ഇത്. വൈകുന്നേരം നാലുമണിയോടെ ചൂണ്ടയിടാന്‍ എത്തിയപ്പോഴാണ് അസ്വാഭാവികമായി എന്തോ പൊങ്ങിക്കിടക്കുന്നത് യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടാഴ്ചയിലേറെ പഴക്കമുള്ളതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ മൃതദേഹ ഭാഗം പുറത്തെടുക്കുമെന്നും ശേഷിക്കുന്ന ശരീരഭാഗത്തിനായി തിരച്ചില്‍ നടത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഇരുട്ട് വീണതോടെയാണ് ഇന്നലെ മൃതദേഹഭാഗം കരയ്ക്ക് കയറ്റാന്‍ കഴിയാതിരുന്നത്. അതേസമയം, പ്രദേശവാസികളെ ആരെയും കാണാതായതായി പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എഎസ്പിയടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പൊലീസ് സംഘം ഇന്നെത്തും.