ബലാൽസംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയതിൽ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. തിരുവല്ല മുൻ ഡിവൈഎസ്പി എസ്.നന്ദകുമാറിനാണ് സസ്പെൻഷൻ. ജനുവരി 14-ന് രാഹുലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്തില്ലായിരുന്നു എന്ന് കാട്ടിയാണ് നടപടി.
പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഡിവൈഎസ്പി പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നിട്ടും തെളിവെടുപ്പ് പൂർത്തിയാകുംവരെ ഡിവൈഎസ്പി സ്ഥലത്തെത്തിയില്ല. നന്ദകുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.
തെളിവെടുപ്പിന് എത്തിക്കുന്നതു സംബന്ധിച്ച കൃത്യമായ സമയം അറിയില്ലായിരുന്നെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകിയ മെമ്മോയ്ക്കു നന്ദകുമാർ നൽകിയ വിശദീകരണം. എന്നാൽ തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തെക്കുറിച്ച് ഡിവൈഎസ്പിക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നെന്നാണു ഉത്തരവിൽ പറയുന്നത്. ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.