അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആശുപത്രിയില്‍ നിന്ന് പൊലീസ് സംഘം വലിച്ചിറക്കിക്കൊണ്ടു പോയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. എസ്എസ്പി ബ്രിജേഷ് ശ്രീവാസ്തവയുടെ അമ്മയെ വീട്ടിലെത്തി ചികില്‍സിക്കുന്നതിനായാണ് ഡ്യൂട്ടി ഡോക്ടറെ ജോലി തടസപ്പെടുത്തി വലിച്ചിഴച്ച് കൊണ്ടു പോയത്. പൊലീസുകാര്‍ തന്‍റെ ഫോണ്‍ തട്ടിപ്പറിച്ചുവെന്നും മോശമായി പെരുമാറിയെന്നും ഡോക്ടര്‍ രാഹുല്‍ ബാബുവിന്‍റെ പരാതിയില്‍ പറയുന്നു. ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. 

ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സിവില്‍ ലൈന്‍ എസ്എച്ച്ഒയും നാല് കോണ്‍സ്റ്റബിള്‍മാരുമാണ് ആദ്യം ആശുപത്രിയിലേക്ക് എത്തിയത്. എസ്എസ്പിയുടെ അമ്മയ്ക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലെത്തി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അത്യാഹിത വിഭാഗം നിറയെ രോഗികളാണെന്നും ഇപ്പോള്‍ ആശുപത്രിയില്‍ നിന്നിറങ്ങാന്‍ തനിക്ക് സാധിക്കില്ലെന്നും വനിത സ്റ്റാഫിനെ വിടാമെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നും രാഹുല്‍ തന്നെ എത്തണമെന്നും പൊലീസുകാര്‍ വാശി പിടിക്കുകയും ബലമായി കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു.

അതേസമയം, ബലംപ്രയോഗിച്ച് ആരെയും കൂട്ടിക്കൊണ്ടു വരാന്‍ താന്‍ ഉദ്യോഗസ്ഥരോട് പറ‍്ഞിട്ടില്ലെന്നും സ്വകാര്യ ഡോക്ടറെ വിളിക്കാന്‍ പിആര്‍ഒയെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമാണ് എസ്എസ്പി ശ്രീവാസ്തവയുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരുണ്ടെങ്കില്‍ മതിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രതിഷേധ സൂചകമായി ആശുപത്രിയിലെ ഒപി സര്‍വീസുകള്‍ ഇന്നലെ ഡോക്ടര്‍മാര്‍ നിര്‍ത്തിവച്ചിരുന്നു. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് സിഎംഒ ഉറപ്പ് നല്‍കിയതോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയത്. 

ENGLISH SUMMARY:

Doctor dragged by police is the focus of this incident in Uttar Pradesh. A duty doctor was allegedly forcibly taken from the hospital by police to attend to the SSP's mother, sparking outrage and protests.