prachi-nigam-

പ്രാചി നിഗം എന്ന പെൺകുട്ടിയെ ഓര്‍മ്മയുണ്ടോ? മുഖത്തെ രോമ വളർച്ചയെ തുടര്‍ന്ന് കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടി... ഉത്തർപ്രദേശിലെ പത്താം ക്ലാസ് പരീക്ഷയിൽ 98.5 ശതമാനം മാർക്ക് കരസ്ഥമാക്കിയ മിടുക്കി. 2024 ല്‍ യുപി ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയിട്ടും പ്രാചിക്ക് ഏറ്റുവാങ്ങേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ കഠിനമായിരുന്നു. മുഖത്തെ രോമ വര്‍ച്ചയുടെ പേരില്‍ ട്രോളുകളായിരുന്നു അവളെ കാത്തിരുന്നത്. എന്നാല്‍ എല്ലാ കളിയാക്കലുകളേയും ഒരിക്കല്‍ക്കൂടി പൊരുതിത്തോല്‍പ്പിച്ചിരിക്കുകയാണ് പ്രാചി. 12-ാം ക്ലാസ് പരീക്ഷയിൽ 91.20 ശതമാനം മാർക്ക് നേടിയാണ് വീണ്ടും പ്രാചി താരമാകുന്നത്.

ഗണിതത്തിൽ 99, ഹിന്ദിയിൽ 96, കെമിസ്ട്രിയില്‍ 95, ഫിസിക്സില്‍ 93 എന്നിങ്ങനെ മിക്ക വിഷയങ്ങളിലും മികച്ച മാർക്ക് നേടിയാണ് പ്രാചിയുടെ വിജയം. ഇംഗ്ലീഷിൽ മാത്രമാണ് പ്രാചിയുടെ സ്കോർ 90 ൽ താഴെയായത്, 73 മാർക്ക്. ജെഇഇക്ക് തയ്യാറെടുക്കുന്നതിലായിരുന്നു തന്റെ പ്രധാന ശ്രദ്ധയെന്നും അതാണ് ഇംഗ്ലീഷിലെ പ്രകടനത്തെ ബാധിച്ചതെന്നുമാണ് പ്രാചി റിസല്‍ട്ടിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. പത്താം ക്ലാസ്സിൽ ​​600 ൽ 591 മാർക്ക് നേടിയാണ് പ്രാചി യുപി ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയത്. അന്ന് എന്‍ജിനീയറിങ് പഠിക്കാനും ഐഐടിയിൽ പ്രവേശനം നേടാനുമാണ് ആഗ്രഹമെന്ന് പ്രാചി പറഞ്ഞിരുന്നു.

തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ കുറിച്ചും പ്രാചി സംസാരിച്ചു. ‘യുപി ഫലം പ്രഖ്യാപിച്ചപ്പോൾ എന്റെ ചിത്രം വൈറലായി. പലരും എന്നെ ട്രോളി. അതേസമയം, എന്നെ പിന്തുണച്ചവരും ഉണ്ടായിരുന്നു. എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എങ്ങനെയായാലും ദൈവം എന്നെ സൃഷ്ടിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നില്‍ മറ്റുള്ളവരില്‍ നിന്നും വിത്യാസം കാണുന്നവരുണ്ടാകും. എനിക്കും അത് പ്രശ്നമല്ല, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എനിക്കിഷ്ടം’ പ്രാചി പറഞ്ഞു.

പത്താം ക്ലാസിലെ വിജയത്തിന് പിന്നാലെയാണ് പ്രാചിയുടെ ചിത്രം വൈറലാകുന്നത്. ഇനി അവൾ നന്നായി ഒരുങ്ങി നടക്കാൻ ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റില്‍ നിന്നായിരുന്നു തുടക്കം. വാക്സ് ചെയ്യാൻ പ്രാചി പോകാത്തതിനെയും ആളുകള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നാലെ വലിയ പിന്തുണയും പ്രാചിക്ക് ലഭിച്ചു. പ്രാചി നേടിയത് വലിയൊരു കാര്യമാണെന്നും, അത് ആഘോഷിക്കപ്പെടണമെന്നും, കളിയാക്കുന്നവര്‍ക്ക് ആ കുട്ടിയുടെ നേട്ടം കാണാനാകുന്നില്ലെന്നുമാണ് പിന്തുണയുമായി എത്തിയവര്‍ കുറിച്ചത്.

രാജ്യാന്തര മാധ്യമമായ ബിബിസിയും പ്രാചിയെ തേടിയെത്തിയിരുന്നു. ‘എനിക്ക് കുറച്ച് മാർക്ക് കുറഞ്ഞിരുന്നെങ്കിൽ ഞാൻ ഒന്നാമത് എത്തുകയോ ഇത്ര പ്രശസ്തയാവുകയോ ഇല്ലായിരുന്നു. ഒരുപക്ഷേ അതായിരുന്നിരിക്കാം കൂടുതൽ നല്ലത്. പക്ഷേ ഈ കളിയാക്കല്‍ എനിക്ക് പുതിയ കാര്യമല്ലാത്തതുകൊണ്ട് ഞാൻ ഇതിനെ കുറിച്ച് അത്രയധികം ചിന്തിക്കാറില്ല. മുഖത്ത് രോമ വളർച്ചയുള്ള പെൺകുട്ടികളെ കാണുമ്പോൾ ആളുകൾക്ക് ആളുകള്‍ക്ക് വിചിത്രമായി തോന്നിയിരിക്കാം. കാരണം അവർ ഇത് മുമ്പ് കണ്ടിട്ടില്ല’ പ്രാചി ബിബിസിയോട് പറഞ്ഞു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയാണ് പ്രാചിയുടെ സ്വദേശം.

ENGLISH SUMMARY:

Prachi Nigam, who faced severe cyberbullying for her facial hair after topping UP Class 10 boards in 2024, has achieved a stellar 91.2% in her Class 12 exams. Despite the trolls, Prachi remained focused on her dream of cracking the JEE, scoring 99 in Mathematics and 95 in Chemistry. Her story is a powerful testament to resilience, as she continues to prioritize her academic goals over societal beauty standards. Prachi, a native of Sitapur, aspires to secure admission to an IIT and become an engineer.