പൂജയ്ക്ക് പിന്നാലെ വീട്ടില്‍ വന്നു കയറി ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ലക്നൗവിലെ ഗുഡംബയിലാണ് സംഭവം. അങ്കുര്‍ ലോധി(24) ആണ് ഏഴുമാസം ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ മൂര്‍ച്ചയേറിയ കത്തിക്ക് വെട്ടിക്കൊന്നത്. മാരകമായി മുറിവേറ്റ നീലം (22) ഉടനടി മരിച്ചു. മരുമകളെ ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ അമ്മയ്ക്കും വെട്ടേറ്റു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അങ്കുറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഗുഡംബയില്‍ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിനൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അങ്കുര്‍. ഇന്നലെ ഇവരുടെ വീട്ടുടമയായ രാം സിങ് വിശ്വകര്‍മ പൂജയും അതിനോട് അനുബന്ധിച്ച് വിരുന്നും നാട്ടുകാര്‍ക്കായി നടത്തിയിരുന്നു. പൂജയ്ക്ക് പിന്നാലെ നാട്ടുകാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ അങ്കുര്‍ സജീവമായി സ്ഥലത്തുണ്ടായിരുന്നു. 

പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ അങ്കുര്‍ അകാരണമായി ഭാര്യയോട് തട്ടിക്കയറി. വഴക്ക് മൂത്തതിന് പിന്നാലെ അടുക്കളയില്‍ ഇരുന്ന കത്തിയെടുത്ത് നീലത്തിന്‍റെ രണ്ട് കൈകളും അറുത്തു. മുട്ടിന് താഴെ വച്ചാണ് കൈ മുറിച്ചത്. വേദന കൊണ്ട് നീലം അലറി വിളിക്കുന്നത് കേട്ട് അമ്മ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കത്തി പിടിച്ചു വാങ്ങാന്‍ ശ്രമിച്ച അമ്മയ്ക്കും വെട്ടേറ്റു. രക്തം വാര്‍ന്ന് അധികം വൈകാതെ നീലം മരിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രില്‍ എത്തിച്ചത്. എന്തിനാണ് അങ്കുര്‍, നീലത്തെ ആക്രമിച്ചതെന്നോ പ്രകോപനത്തിന്‍റെ കാരണമെന്തെന്നോ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Lucknow murder case: A man in Lucknow has been arrested for allegedly murdering his pregnant wife. The incident occurred after a domestic dispute, and the police are investigating the motive behind the crime.