കോഴിക്കോട് താമരശേരിയില്‍ വെര്‍ച്ച്വല്‍ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. താമരശേരി സ്വദേശി മുഹമ്മദ് സല്മാന് ആണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു
താമരശേരി സ്വദേശിയായ റിട്ട. അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയെ രണ്ടുദിവസം വെര്‍ച്ച്വല്‍ അറസ്റ്റില്‍ നിര്‍ത്തിയായിരുന്നു തട്ടിപ്പ്. നഷ്ടമായ തുകയില്‍ ഏഴുലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സല്‍മാനെ പിടികൂടിയത്.
സല്‍മാന്റെ നിര്‍ദേശപ്രകാരം തട്ടിയെടുത്ത പണം താമരശേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തതായും പൊലീസ് കണ്ടെത്തി. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ചാണ് സല്‍മാനെ പൊലീസ് പിടികൂടിയത്. ഈങ്ങാപ്പുഴയില്‍ യുവാവിനെ തട്ടികൊണ്ടുപോയ കേസിലും പ്രതിയാണ് സല്മാന്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.