പട്ടാള വേഷത്തില്‍ തോക്കുമായെത്തിയ മൂന്നംഗ കവര്‍ച്ചാസംഘം എസ്ബിഐ ശാഖയില്‍ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു. കര്‍ണാടകയിലെ ചാഡാചന്‍ ശാഖയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വന്‍ കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് എത്തിയ കൊള്ളക്കാര്‍ ജീവനക്കാരെയും മാനേജരെയും കെട്ടിയിട്ടു. ബാങ്കിലെത്തിയ ഉപഭോക്താക്കളെയും ബന്ദികളാക്കി. ജീവനക്കാരുടെ കൈയ്യും കാലും ബന്ധിച്ച ശേഷമായിരുന്നു അക്രമം. 

ബാങ്കിലെത്തിയവരുെട തല പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് കൊള്ളക്കാര്‍ മറച്ചു. പിന്നാലെ ബാങ്ക് മാനേജരോട് പണം ആവശ്യപ്പെട്ടു. പണം മുഴുവനായും തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പിന്നാലെ തോക്കു ചൂണ്ടി ജീവനക്കാരിലൊരാളെ കൊണ്ട് ലോക്കറും തുറപ്പിച്ചു. സ്വര്‍ണവും പണവുമെല്ലാം ബാഗുകളിലേക്ക് നിറച്ചതിന് പിന്നാലെ കൊള്ളസംഘം സ്ഥലം വിട്ടു. ഈ സമയത്ത് പൊലീസും ബാങ്കിലേക്ക് എത്തി. 

കവര്‍ച്ചയ്ക്കായി കൊള്ളസംഘമെത്തിയത് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാനിലാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍ധര്‍പുര്‍ ഭാഗത്തേക്കാണ് സംഘം കടന്നതെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്. കൊള്ളമുതലുമായി വേഗത്തില്‍ പോകുന്നതിനിടെ സോളപുറില്‍ വച്ച് വാന്‍ ബൈക്കില്‍ ഇടിച്ചു. നാട്ടുകാര്‍ തടഞ്ഞതോടെ വാഹനം വഴിയില്‍ ഉപേക്ഷിച്ച് സ്വര്‍ണവും പണവുമായി ഓടി രക്ഷപെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില് കര്‍ണാടക– മഹാരാഷ്ട്ര പൊലീസ് സംയുക്തമായി അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

Bank Robbery is a serious crime that endangers lives and causes significant financial loss. A recent armed robbery at an SBI branch in Karnataka resulted in the theft of gold and cash, prompting a joint police investigation.