വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി കോടികൾ തട്ടിയ പ്രതി പിടിയിൽ. കോട്ടയം സ്വദേശി രാജേഷാണ് ഇടുക്കി തൊടുപുഴ പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന ഇടുക്കി കുമാരമംഗലം സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി രാജേഷ് പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ പണം തട്ടിയതിന് നിരവധി കേസുകളുണ്ട്.
നൂറിലേറെ ആളുകളിൽ നിന്നായി 13 കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. പട്ടിമറ്റത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കൂടുതൽ ആളുകൾ തട്ടിപ്പിൽ പങ്കാളികളായോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാൾക്കൊപ്പം തട്ടിപ്പ് നടത്തിയ കരിങ്കുന്നം സ്വദേശി മനുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.