ഭർത്താവ് വീട്ടിലില്ലാത്ത അവസരം മുതലെടുത്ത് ഭർതൃസഹോദരന്മാർ മാസങ്ങളോളം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് പീഡനം നടന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഭോപ്പാലിലെ ദബ്രയിലാണ് സംഭവം.
2023 ലാണ് യുവതി ദബ്രയിലേക്ക് വിവാഹം ചെയ്ത് എത്തുന്നത്. ചികിത്സയ്ക്കായി ഭർത്താവ് മാസത്തിൽ 20 ദിവസത്തോളം മാറി നിൽക്കേണ്ട സാഹചര്യമുണ്ട്. ഈ സമയത്ത് ഭർതൃസഹോദരന്മാർ മുറിയിലേക്ക് കയറിവരികയും പീഡിപ്പിക്കുകയുമായിരുന്നു. സമീപത്ത് കൂളർ വെയ്ക്കുന്നതിനാൽ മുറിയുടെ വാതിൽ അടച്ചിരുന്നില്ല. ഇത് മുതലെടുത്താണ് കൂട്ടബലാത്സംഗം നടന്നത്.
പീഡനശ്രമം ചെറുത്തപ്പോൾ 10 മാസം പ്രായമുള്ള കുഞ്ഞിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഭർത്താവിന്‍റെ രോഗം മാറാൻ ഇത് സഹായിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഇക്കാര്യം ഭർത്താവിനെ അറിയിച്ചപ്പോൾ വിശ്വസിച്ചില്ലെന്നും മർദ്ദിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
വിഷയം ചർച്ച ചെയ്യാൻ ഗ്രാമസമിതി യോഗം ചേർന്നുവെങ്കിലും ആരോപണ വിധേയരായവർ എത്തിയില്ല. ഇതോടെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിനും ക്രിമിനൽ ഭീഷണിപ്പെടുത്തലിനും പോലീസ് കേസെടുത്തു. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.