രാശി ശരിയല്ലെന്ന അമ്മായിയമ്മയുടെ കുത്തുവാക്ക് കേട്ട് ജനിച്ച് 41 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ  യുവതി ശ്വാസംമുട്ടിച്ച് കൊന്നു. കന്യാകുമാരിയിലെ കരുങ്ങലിനടുത്താണ് സംഭവം. ക്രൂരകൊലപാതകം നടത്തിയ അമ്മ ബെനിറ്റ ജയ (20)യെ  പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനോടും അമ്മായിയമ്മയോടുമുള്ള ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബെനിറ്റയുടെ മൊഴി.

വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെയാണ് പെണ്‍കുഞ്ഞ് ബോധരഹിതയായി മരിച്ചത്. മുലപ്പാല്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുഞ്ഞിനെ തന്‍റെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഭര്‍ത്താവ് കാര്‍ത്തികിന്‍റെ മൊഴിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ നെറ്റിയില്‍ രക്തം കണ്ടെത്തി. തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്‍റെ കഷണവും ലഭിച്ചു. ഇതോടെയാണ് വായില്‍ ടിഷ്യു പേപ്പര്‍ തിരുകിയതോടെ കുട്ടി ശ്വാസംമുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ബെനിറ്റയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

കുടുംബത്തിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇതര മതസ്ഥനായ ദിണ്ടിഗല്‍ സ്വദേശി കാര്‍ത്തികുമായുള്ള പ്രണയബന്ധം ബെനിറ്റ മുന്നോട്ട് കൊണ്ടുപോയത്. ബന്ധം വീട്ടിലറിഞ്ഞതിന് പിന്നാലെ ബെനിറ്റയെ ദിണ്ടിഗലില്‍ നിന്നും കന്യാകുമാരിയിലേക്ക് കുടുംബം കൊണ്ടുവന്നു. എന്നാല്‍ സമൂഹമാധ്യമത്തിലൂടെ ബന്ധം തുടര്‍ന്ന ഇരുവരും പിന്നീട് രഹസ്യമായി വിവാഹിതരായി. ബെനിറ്റ പ്രസവിച്ച വിവരമറിഞ്ഞ് കാര്‍ത്തികിന്‍റെ അമ്മ കാണാന്‍ വന്നു. എന്നാല്‍ പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ ജനിച്ച രാശി ശരിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും വഴക്കിടുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതോടെ ഭര്‍ത്താവിനെയും കുഞ്ഞിനെയും കൂട്ടി ബെനിറ്റ കന്യാകുമാരിയിലെ സ്വന്തം വീട്ടിലേക്ക് വന്നു. ഇവിടെ എത്തിയതിന് ശേഷവും ബെനിറ്റയും അമ്മയിയമ്മയുമായി ഫോണിലൂടെ വഴക്കുണ്ടായെന്ന് പൊലീസ് പറയുന്നു. അമ്മായിയമ്മ തന്നെ ശകാരിച്ചപ്പോഴും ഭര്‍ത്താവ് അവര്‍ക്ക് അനുകൂലമായി സംസാരിച്ചെന്ന് പറഞ്ഞ് ബെനിറ്റ കാര്‍ത്തികിനോട് കലഹിച്ചു. പിന്നാലെ കുഞ്ഞിനെയെടുത്ത് ചുമരിലേക്ക് എറിഞ്ഞുവെന്നും കുട്ടിയുടെ തല മുറിഞ്ഞ് രക്തം വന്നെന്നും കാര്‍ത്തിക് പൊലീസിനോട് വെളിപ്പെടുത്തി.

പിറ്റേന്ന് രാവിലെ കാര്‍ത്തിക് പുറത്തുപോയ നേരത്ത് തൊട്ടിലില്‍ കിടന്ന കുഞ്ഞിന്‍റെ വായില്‍ ബെനിറ്റ ടിഷ്യു പേപ്പര്‍ തിരുകുകയായിരുന്നു. കാര്‍ത്തിക് തിരികെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെയെടുത്ത് മുലയൂട്ടുന്നതായി ബെനിറ്റ ഭാവിച്ചു.കുഞ്ഞിന് അനക്കമില്ലെന്ന് ഉറപ്പാക്കിയതോടെ ബോധമില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ കാര്‍ത്തിക് വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചതോടെയാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ ബെനിറ്റ നിലവില്‍ തക്കല ജയിലിലാണ്.

ENGLISH SUMMARY:

Infanticide in Kanyakumari is a tragic incident where a 41-day-old baby was murdered by her mother. The mother, Benita Jaya, was arrested after police investigation revealed the baby died due to suffocation by tissue paper.