കോഴിക്കോട് സരോവരത്ത് വിജിലിനെ കുഴിച്ച് മൂടിയ കേസിൽ രണ്ടാം പ്രതി രഞ്ജിത്ത് പൊലീസിന്‍റെ പിടിയിൽ. ആന്ധ്രയിൽ വച്ചാണ് ഡപ്യൂട്ടി കമ്മിഷ്ണർ അരുൺ കെ പവിത്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. 

നിഖിലും ദീപേഷും പിടിയിലായപ്പോൾ തന്നെ അന്വേഷണ സംഘത്തിന്‍റെ കണ്ണ് രഞ്ജിത്തിലേക്ക് എത്തിയാണ്. സരോവരം കുഴിച്ച് വിജിലിന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ആന്ധ്രയിൽ നിന്ന് അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി നിഖിലിനൊപ്പം രഞ്ജിത്തിനെ ചോദ്യം ചെയ്തു വിജിലിന്‍റെ മരണത്തിന്‍റെ കാരണം ഉറപ്പിക്കും. ലഹരി വസ്തുവിന്‍റെ അമിത ഉപയോഗം മൂലം വിജിൽ മരിച്ചുവെന്നാണ് ആദ്യം  പിടിയിലായ 2 പ്രതികളും പൊലീസിന് നൽകിയ മൊഴി.

അതേ സമയം വിജിലിന്‍റെ ഡിഎൻഎ സാംപിളുകൾ ചൊവ്വാഴ്ച മെഡിക്കൽ കോളജ് ഫോറൻസിക്ക് വിഭാഗം പൊലീസിന് കൈമാറും. കോടതി അനുമതിയോടെയാവും ഡിഎൻഎ സാംപിളുകൾ കണ്ണൂർ ഫോറൻസിക്ക് ലാബിൽ പരിശോധനയ്ക്ക് അയക്കുക. വിജിലിന്‍റെ ബന്ധുക്കളുടെ രക്തസാംപിളും പൊലീസ് ഇതിനോടൊപ്പം പരിശോധനയ്ക്ക് അയക്കും. ഇന്നലെ സരോവരത്തിലെ ചതുപ്പിൽ നിന്ന് കുഴിച്ചെടുത്ത 58 മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Kozhikode murder case: The second accused Ranjith, in the Vigil murder case, has been arrested by the police. With this arrest, all the accused in the case are now in custody.