തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ഞെട്ടിക്കുന്ന കൊലപാതകം. രണ്ടാംഭാര്യയേയും കാമുകനേയും ഭര്‍ത്താവ് തലയറുത്ത് കൊന്നു. കൊലപാതകശേഷം  ഇയാള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങി.  അറുത്തുമാറ്റിയ തലകളുമായാണ് കീഴടങ്ങാന്‍ എത്തിയത്.

60കാരനായ കെ.കൊലഞ്ചിയാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്. 40കാരിയായ രണ്ടാംഭാര്യ ലക്ഷ്മി ഇവരുടെ കാമുകന്‍ തങ്കരസ് എന്നിവരെയാണ് തലയറുത്ത് കൊന്നത്. കൊലഞ്ചിയുടെ അല്‍വാസികള്‍ ഇയാളുടെ വീട്ടില്‍ തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് നടുക്കുന്ന കൊലപാതകത്തിന്‍റെ വിവരം പുറംലോകം അറിഞ്ഞത്. കള്ളക്കുറിച്ചി ഡിഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

ഇതിനിടെയാണ് അറുത്തെടുത്ത തലകള്‍ ബാഗിലാക്കി കൊലഞ്ചി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങിയത്. ഇയാളെ ജയില്‍ അധികൃതര്‍ കള്ളക്കുറിച്ചി പൊലീസിന് കൈമാറി. ഇയാളില്‍ നിന്ന് കണ്ടെടുത്ത തലകള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ഭാര്യയും കാമുകനും ബന്ധത്തില്‍ നിന്ന് പിന്‍മാറാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ENGLISH SUMMARY:

Tamil Nadu murder case involves a shocking double homicide in Kallakurichi where a husband beheaded his wife and her lover. The accused surrendered at Vellore Central Jail with the severed heads.