വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും കാമുകനെയും റോഡിലൂടെ ചെരുപ്പ്മാലയിട്ട് നടത്തിച്ച് ഭര്‍ത്താവ്. സ്കൂള്‍ അധ്യാപികയായ യുവതിയാണ് ക്രൂരത നേരിട്ടത്. ഭര്‍ത്താവും സംഘവും യുവതി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് എത്തുകയും ഭാര്യയെ സംശയിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. വീട്ടില്‍ ആണ്‍സുഹൃത്തിനെ കണ്ടതോടെ സംഘം ഇരുവരെയും ചെരുപ്പുമാലയിട്ട് റോഡിലൂടെ നടത്തിച്ചു.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി അകന്നാണ് താമസിക്കുന്നത്. ഓറീസയിലെ പുരി നീമപദ മേഖലയിലാണ് യുവതിയുടെ വാടകവീട്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഭര്‍ത്താവും സുഹൃത്തുക്കളും യുവതി തമാസിക്കുന്ന വീട്ടിലേക്ക് ബലമായി കടന്നു കയറുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ആണ്‍സുഹൃത്തായ സ്കൂള്‍ അധ്യാപകനെയും സ്ഥലത്ത് കണ്ടത്. ഇതോടെ ഇരുവരെയും സംഘം ആക്രമിക്കുകയായിരുന്നു.
ആൾക്കൂട്ടം നോക്കിനിൽക്കെ സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി തല്ലുകയും ചെരുപ്പ് മാലയിടിയിച്ച് തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു. ആണ്‍സുഹൃത്തിനെ അടിവസ്ത്രം അണിയിച്ചാണ് നടത്തിച്ചത്. റോഡില്‍ തടിച്ചുകൂടിയ ജനക്കൂട്ടമാണ് വിഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊലീസ് സ്റ്റേഷനിലേക്കാണ് ഇരുവരെയും നടത്തിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനിടയിലും ഭര്‍ത്താവ് ആക്രമണം തുടരുന്നത് കാണാം. പൊലീസെത്തിയത് ഇരുവരെയും മോചിപ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെയും അക്രമി സംഘത്തിലെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.