എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ബെംഗളുരുവില്‍ ദേശീയ മെ‍ഡല്‍ വാഗ്ദാനം ചെയ്ത് 19 കാരിയെ യോഗ അധ്യാപകന്‍ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ ബിഎൻഎസ് സെക്ഷൻ 69, 75, പോക്സോ ആക്ട് എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കുറ്റാരോപിതനായ അധ്യാപകനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

ഇയാള്‍ വര്‍ഷങ്ങളായി തന്‍റെ യോഗ പരിശീലകനാണെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. 2019 മുതല്‍ തന്നെ അറിയാമെന്നും 2021 മുതൽ തന്നെ യോഗ പരിശീലിപ്പിക്കാന്‍ തുടങ്ങിയതായും 19കാരി പറയുന്നു. 2023 നവംബറിൽ 17 വയസ്സുള്ളപ്പോൾ ഒരു യോഗ പരിപാടിയിൽ പങ്കെടുക്കാനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്‌ലൻഡിലേക്ക് പോയി. തായ്‌ലൻഡിൽ വെച്ച് അയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരിപാടിയിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടി ആരോപിക്കുന്നു.

2024ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ പെണ്‍കുട്ടി ചേരുന്നത്. ഒരു മത്സരത്തിൽ ദേശീയ മെഡൽ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് അയാൾ വീണ്ടും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 22 നാണ് അവസാനമായി ലൈംഗീകാതിക്രമം നടന്നതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പെൺകുട്ടി ഗർഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചും മെഡൽ വാഗ്ദാനങ്ങളെക്കുറിച്ചും പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. തന്നെപ്പോലെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഏഴോളം പെണ്‍കുട്ടികളുണ്ടെന്നും. അവരുടെയെല്ലാം പേരുവിവരങ്ങള്‍ കൈമാറാന്‍ താന്‍ തയ്യാറാണെന്നും പെണ്‍കുട്ടി പറഞ്ഞതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

Yoga teacher rape case in Bengaluru involves a 19-year-old girl who was allegedly sexually assaulted and impregnated by her yoga instructor. Police have registered a case under POCSO Act and are investigating the matter.