സ്വര്‍ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ വിധിച്ച് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്. ദുബായില്‍ നിന്ന് 324 കിലോ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന കേസിലാണ് നടപടി. കേസില്‍ ആകെ 271 കോടി രൂപയാണ് രന്യയും കൂട്ടാളികളും ഒടുക്കേണ്ടത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ രന്യ, മുതിര്‍ന്ന ഐപിഎസ് ഓഫിസറും ഡിജിപിയുമായ രാമചന്ദ്രറാവുവിന്‍റെ മകളാണ്. Read More: സ്വര്‍ണം കിട്ടിയതോടെ രന്യ ശുചിമുറിയിലേക്ക്; അരക്കെട്ടിലും പോക്കറ്റിലും തിരുകി

രന്യയുടെ കൂട്ടാളിയായ തരുണ്‍ കെ.രാജുവാണ് കേസിലെ രണ്ടാം പ്രതി. 71 കിലോ സ്വര്‍ണമാണ് തരുണ്‍ കടത്തിയത്. ഇതിന് 63 കോടി രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക. ബന്ധുക്കളും മൂന്നും നാലും പ്രതികളുമായ സഹിലും ഭാരതും 53 കോടി രൂപ വീതവും പിഴയിനത്തില്‍ അടയ്ക്കണം. അതേസമയം, പിഴ അടയ്ക്കാനുള്ള അവസാന തീയതി ഡിആര്‍ഐ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എത്രയും വേഗം നോട്ടിസിന് മറുപടി നല്‍കാന്‍ പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

സ്വര്‍ണ ബിസ്കറ്റുകളാണ് രന്യയുടെ നേതൃത്വത്തില്‍ കടത്തിക്കൊണ്ട് വന്നതെന്നും ഇത് നിരോധിക്കപ്പെട്ടതാണെന്നും 100 ശതമാനം പിഴ ഈടാക്കാന്‍ വ്യവസ്ഥയുള്ളതാണെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡിആര്‍ഐ വിധിക്കെതിരെ പ്രതികള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാം. പ്രതികള്‍ പിഴയൊടുക്കാത്ത പക്ഷം സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള അധികാരവും ഡിആര്‍ഐക്ക് ഉണ്ട്. എന്നാല്‍ ഇതിന് കാലതാമസം ഉണ്ടായേക്കാം. ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ രന്യയുള്‍പ്പടെയുള്ള പ്രതികള്‍. 

ENGLISH SUMMARY:

Gold Smuggling Case: Kannada actress Ranya Rao faces a hefty fine in a gold smuggling case. The Directorate of Revenue Intelligence (DRI) imposed the fine after she was found guilty of smuggling 324 kg of gold into India from Dubai.