ഷീല സണ്ണി കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യക്തിവിരോധത്തിന്‍റെ പേരില്‍ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയത് മരുമകളുടെ സഹോദരിയും സുഹൃത്തും ചേര്‍ന്നാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഷീലയെ അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തില്‍ സാക്ഷികളാണ്.
തൃശൂര്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്നാണ് കേസ്. ലഹരി സ്റ്റാംപ് ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ചത് മരുമകളുടെ സഹോദരി കാലടി സ്വദേശിയായ ലിവിയ ജോസായിരുന്നു. ലിവിയയുടെ സുഹൃത്ത് തൃപ്പുണിത്തുറ സ്വദേശി നാരായണദാസായിരുന്നു ലഹരി സ്റ്റാംപ് സംഘടിപ്പിച്ച് നല്‍കിയത്. പക്ഷേ, ഈ സ്റ്റാംപില്‍ ലഹരിയില്ലായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് ഷീല സണ്ണിയുടെ ബാഗില്‍ ലഹരി സ്റ്റാംപുണ്ടെന്ന് വിളിച്ചു പറഞ്ഞത് നാരായണദാസായിരുന്നു. ഈ കോള്‍ വന്ന ഉടനെ പ്രാഥമികാന്വേഷണം നടത്താതെ എക്സൈസ് ഉദ്യോഗസ്ഥര്‍ ഷീലയെ പിടികൂടുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ അധികാരം ദുരുപയോഗം ചെയ്തെന്ന കുറ്റം കൂടി രണ്ടു പേര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി: വി.കെ.രാജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. നിരപരാധിയായ ഷീല സണ്ണി ജയിലില്‍ കഴിഞ്ഞത് എഴുപത്തിരണ്ടു ദിവസമായിരുന്നു.
കള്ളക്കേസില്‍ കുടുക്കിയ രണ്ടു പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയതാകട്ടെ എഴുപത്തിരണ്ടു ദിവസം അവരുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷമാണ്. ഫൊറന്‍സിക് പരിശോധനയില്‍ സ്റ്റാംപില്‍ ലഹരിയില്ലെന്ന് വിവരം പുറത്തുക്കൊണ്ടുവന്നത് മനോരമ ന്യൂസായിരുന്നു.