കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. പെൺസുഹൃത്ത് വഴി വയനാട് സ്വദേശിയായ റഹീസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്ത് ഉൾപ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജവഹർ നഗറിലെ ലേഡീസ് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് നാലംഗ സംഘം റഹീസിനെ തട്ടിക്കൊണ്ടുപോയത്. റഹീസിനെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രതികൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു പെൺസുഹൃത്ത് ചെയ്തതെന്ന് പോലീസ് പറയുന്നു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കക്കാടംപൊയിൽ വെച്ചാണ് റഹീസിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും പൊലീസ് പിടികൂടിയത്. നാലംഗ സംഘമായിരുന്നു ഇന്നോവ കാറിൽ റഹീസിനെ തട്ടിക്കൊണ്ടുപോയത്. ഇവരെ കൂടാതെ, തട്ടിക്കൊണ്ടുപോകാൻ സഹായിച്ച മറ്റ് നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലവിൽ, ഇവരെ വെവ്വേറെ ഇരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ പലരും പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നതുകൊണ്ടാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തുന്നത്. നാല് പ്രതികളെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. മറ്റുള്ളവരെ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്ത ശേഷം നടക്കാവിലേക്ക് കൊണ്ടുവരും.