കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ സുജിത്ത് ഫോൺ ഉപയോഗിക്കുമ്പോൾ അധികൃതർ കൈയ്യോടെ പിടികൂടുകയായിരുന്നു. കാപ്പ കേസിൽ ആറുമാസത്തേക്ക് തടവിൽ കഴിയുകയായിരുന്നു പ്രതി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ മൊബൈൽ ഫോണാണ് ജയിലിൽ നിന്ന് പിടിച്ചെടുക്കുന്നത്. കണ്ണൂര്‍ ടൗൺ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജയിലിലെ സുരക്ഷാ വീഴ്ചയിലേക്ക് വിരൽചൂണ്ടുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജയിലിനുള്ളിലേക്ക് ഫോൺ വലിച്ചെറിയാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാര്‍ അല്ല ഒന്നാം ബ്ലോക്കിൽ ഉള്ളതെങ്കിലും, സമാനമായ സംഭവങ്ങൾ മറ്റു ബ്ലോക്കുകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനകൾ ശക്തമാക്കിയതിനാലാണ് കൂടുതലായി ഇത്തരം വസ്തുക്കൾ കണ്ടെത്താൻ സാധിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഫോണുകൾക്ക് പുറമെ, ബീഡിക്കെട്ടുകളും മറ്റു ലഹരി വസ്തുക്കളും ജയിലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.