കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും സുലഭമാവുകയാണ്. എല്ലാ സുരക്ഷാ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ചോ, അല്ലെങ്കില്‍ ഒത്താശയോടെയോ ആണ് ഇത് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് ദിവസം മുമ്പ് മൊബൈലും ബീഡിക്കെട്ടും എറിഞ്ഞു കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായ അക്ഷയ് ആണ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്. ജയിലിലെ പ്രധാനികളായ "മേസ്തിരി"എന്നറിയപ്പെടുന്ന ചില തടവുകാരുണ്ട്. അവരാണ് താന്‍ അടക്കമുള്ളവര്‍ എറിഞ്ഞ് കൊടുക്കുന്ന വസ്തുക്കള്‍ മതില് കെട്ടിനുള്ളില്‍ നിന്ന് എടുക്കുകയും തടവുകാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നത്. അവര്‍ക്ക് തോന്നിയ വിലയിലാണ് വില്പന. കഞ്ചാവും ബീഡിക്കെട്ടുകളും, മൊബൈലുമൊക്കെ പലവട്ടം താന്‍ എറിഞ്ഞുകൊടുത്തിട്ടുണ്ട്. താന്‍ അവസാന കണ്ണിയാണ്. തനിക്ക് പിന്നില്‍ മുഖ്യസൂത്രധാരന്മാരായ ആളുകളുണ്ടെന്നും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്.
മുന്‍ തടവുകാരുടെ പ്ലാനിങ്
ഗൂണ്ടാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് മോചിതരായ പ്രതികളാണ് ജയിലിലെ മറ്റു തടവുകാര്‍ക്ക് ലഹരിയും ഫോണും എത്തിക്കുന്ന റാക്കറ്റിലെ പ്രധാനികള്‍. മോചിതരായ ശേഷം വിസിറ്റര്മാരായി ഇവര്‍ ജയിലിലെത്തും. തടവുകാരെ കണ്ട് ആസൂത്രണം നടത്തും. എന്ന് എപ്പോള്‍ എവിടെ എറിയണം എന്നെല്ലാം തീരുമാനിക്കും. മുന്‍ തടവുകാരായതിനാല്‍ എല്ലാ മുക്കുംമൂലയും വ്യക്തമായി ഇവര്‍ക്കറിയാം. അതിനാല്‍ തടവുകാര്‍ പറയുന്ന സ്ഥലം തിരിച്ചറിയുക എളുപ്പം. പിന്നീട് പുറത്തുവന്ന് അക്ഷയിയെ പോലെയുള്ളവരെ ഉപയോഗിച്ച് നേരത്തെ നിശ്ചയിച്ച അടയാളത്തിലേക്ക് തുണിയിലോ മറ്റോ പൊതിഞ്ഞ് വസ്തുക്കള്‍ എറിഞ്ഞു കൊടുക്കും. മതില് കെട്ടിന് മുകളിലൂടെ പുറത്തേക്ക് കാണുന്ന മരങ്ങളായിരിക്കും പലപ്പോഴും അടയാളം. അത് ലക്ഷ്യമാക്കിയാണ് എറിയുക എന്നാണ് അക്ഷയ് തന്നെ പൊലീസിനോട് പറഞ്ഞത്. സിസിടിവി ഇല്ലാത്ത സ്ഥലം നോക്കിയാണ് എറിയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള പ്രശ്നം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ദേശീയപാതയോരത്താണ്. മതില്കെട്ടിനോട് ചേര്‍ന്നാണ് ദേശീയപാതയും നടപ്പാതയുമെല്ലാം. വഴിയേ പോകുന്നവര്‍ക്ക് ആരും കാണാതെ വസ്തുക്കള്‍ എറിയാന്‍ കഴിയും. ഈ ഭാഗത്ത് നിരീക്ഷണം ശക്തമല്ല. ഗേറ്റ് കടന്ന് ജയിലിനുള്ളിലേക്കുള്ള എപ്പോഴും അടച്ചിടുന്ന ഗേറ്റിനു മുന്നിലാണ് എപ്പോഴും സുരക്ഷാ ഭടന്മാരുള്ളത്. അവര്‍ക്ക് പുറത്ത് റോഡരികിലൂടെ പോകുന്നവരെ കാണാനാവില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ജയിലിനുള്ളിലേക്കുള്ള ലഹരി വസ്തുക്കളുടെ കടത്തിനെ കുറിച്ച് റിപ്പോര്‍ട്ട് കൊടുത്തതാണ്.
പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്കിടയിലൂടെ ജയിലിനുള്ളിലേക്ക് ഇവ കടത്തുന്നുവെന്നായിരുന്നു മൂന്ന് വര്‍ഷം മുമ്പേയുള്ള റിപ്പോര്‍ട്ട്. എന്നിട്ടും സ്ഥിതിയ്ക്ക് മാറ്റമില്ല. ജയിലില്‍ തടവുകാര്‍ക്ക് സുഖവാസമെന്ന് ചുരുക്കം. പണം കൊടുത്താല്‍ കഞ്ചാവോ ബീഡിയോ മൊബൈലോ, ഏതാണെന്ന് വെച്ചാല്‍ കൊടുക്കാന്‍ ആളുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പവര്‍ ബാങ്ക്, ഇയര്‍ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. അടുത്തദിവസങ്ങളിലായി മൊബൈല്‍ ഫോണും, ബീഡിയുമാണ് കൂടുതലായി കണ്ടെത്തുന്നത്.