കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പിടിയിലായ അക്ഷയില്‍ നിന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിയ്ക്കുന്ന മൊഴി. ജയിലിനുള്ളില്‍ തടവുകാര്‍ മദ്യവും ലഹരിയും വില്‍ക്കുന്നുവെന്നും ജയിലിനുള്ളിലേക്ക് ലഹരിയെത്തിക്കുന്നത് മുന്‍ തടവുകാരുടെ പദ്ധതി പ്രകാരമെന്നുമാണ് മൊഴി. അക്ഷയുടെ മൊഴിയെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അതേസമയം, ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ പിടിച്ചു.
മതിലിന് മുകളിലൂടെ മൊബൈലും ബീഡിക്കെട്ടും എറിയാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ അക്ഷയിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളിലെയും പുറത്തെയും ലഹരിശൃംഖലയെ കുറിച്ച് വിവരം ലഭിക്കുന്നത്.പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുന്ന ലഹരി വസ്തുക്കള്‍ എടുക്കാനും വില്‍ക്കാനും പ്രധാനികളായ ചില തടവുകാരുണ്ട്. ഇവര്‍ക്ക് പേര് "മേസ്തിരി" എന്നാണ്. വസ്തുക്കള്‍ക്ക് വില അവര്‍ തന്നെ നിശ്ചയിക്കും.
ലഹരിക്കടത്തിന് പിന്നിലുള്ളത് ഗൂണ്ടാ കേസുകളില്‍ പെട്ട മുന്‍ തടവുകാര്‍. വിസിറ്റര്‍മാരായി ജയിലിലെത്തുന്ന അവര്‍ തടവുകാരുമായി സംസാരിച്ച് മൊബൈലും ലഹരിയും എറിയേണ്ട സ്ഥലവും അടയാളവും തീരുമാനിച്ചുറപ്പിക്കും. ജയിലിനുള്ളില്‍ നിന്ന് ഫോണ്‍വഴിയും വിവരം കൊടുക്കും. പിന്നീട് തന്നെ പോലെ ശൃംഖലയിലെ അവസാന കണ്ണികളെ എറിയാന്‍ നിയോഗിയ്ക്കുമെന്നും പൊലീസിനോട് അക്ഷയ് പറഞ്ഞു.
മുന്‍ തടവുകാര്‍ക്ക് ജയിലിലെ മുക്കും മൂലയും അറിയാവുന്നതിനാല്‍ ലഹരിക്കടത്ത് എളുപ്പം. അക്ഷയുടെ മൊഴിയെ തുടര്‍ന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് വീണ്ടും മൊബൈല്‍ കഴിഞ്ഞ ദിവസം പിടിച്ചതിന് കേസെടുത്തത്. കത്തിക്കുത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട തൃശൂര്‍ സ്വദേശി യു.ടി ദിനേശില്‍ നിന്നാണ് സിം കാര്‍ഡ് സഹിതം നിരോധിത കമ്പനിയുടെ ഫോണ്‍ പിടിച്ചത്.