ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഭര്‍തൃപീഡനത്തില്‍ യുവതി കൊല്ലപ്പെട്ടതില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സഹോദരിയുമൊത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനെയും റീല്‍സിടുന്നതിനെയും ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിക്കിയെ ഭര്‍ത്താവ് വിപിന്‍ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തി കൊന്നതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കി തീപ്പൊള്ളലേറ്റ് മരിച്ചത്. ഭര്‍ത്താവ് വിപിനാണ് തീ കൊളുത്തിയത്. സംഭവദിവസം വൈകുന്നേരം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തന്‍റെ സഹോദരിയായ കാഞ്ചനുമൊത്ത് ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കാന്‍ പോവുകയാണെന്ന് നിക്കി ഭര്‍ത്താവ് വിപിനോട് പറഞ്ഞു. എന്നാല്‍ കുടുംബത്തിലുള്ള സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നായിരുന്നു വിപിന്‍റെ പ്രതികരണം. ആരെതിര്‍ത്താലും പാര്‍ലര്‍ വീണ്ടും തുറക്കുമെന്ന് നിക്കി തറപ്പിച്ച് പറഞ്ഞതോടെ വിപിന്‍ കുപിതനായി മര്‍ദിച്ചു. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച റീല്‍സുകളെ ചൊല്ലിയും വിപിന്‍ വഴക്കിട്ടു. നിക്കിയും സഹോദരി കാഞ്ചനും ചേര്‍ന്ന് നടത്തുന്ന സമൂഹ മാധ്യമ ചാനലുകള്‍ക്ക് വന്‍ ആരാധകരാണുണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെപ്പേരാണ് ഇവരും മേക്ക് ഓവര്‍ ബൈ കാഞ്ചന്‍ എന്ന പേജ് പിന്തുടര്‍ന്നിരുന്നത്. ഇതില്‍ റീല്‍സ് പങ്കുവയ്ക്കുന്നതാണ് വിപിന്‍ വിലക്കിയത്.
2016ലാണ് നിക്കി വിപിനെയും കാഞ്ചന്‍ വിപിന്‍റെ സഹോദരനായ റോഹിതിനെയും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായതോടെ 35 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് നിക്കിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കാന്‍ തുടങ്ങി. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് ഉപദ്രവം കഠിനമായതോടെ പലവട്ടം നിക്കി സ്വന്തം വീട്ടില്‍ പോയി നിന്നു. ഒടുവിലാണ് വിപിന്‍ തീ കൊളുത്തി കൊന്നത്.
ചോദ്യം ചെയ്യലിലൊന്നും കുറ്റബോധത്തിന്‍റെ തരിമ്പും വിപിന് ഉണ്ടായില്ലെന്ന് പൊലീസ് പറയുന്നു. ' എനിക്ക് കുറ്റബോധമില്ല. ഞാന്‍ അവളെ കൊന്നിട്ടില്ല. അവര്‍ സ്വയം മരിച്ചതാണ്. ഭാര്യയും ഭര്‍ത്താവുമാകുമ്പോള്‍ വഴക്കുകള്‍ ഉണ്ടാകും. അതൊക്കെ സാധാരണമാണ് എന്നായിരുന്നു വിപിന്‍റെ വാദം. കേസില്‍ വിപിന്‍റെ അമ്മ ദയയെയും പിതാവിനെയും, സഹോദരന്‍ റോഹിതിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.