ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് വെടിയേറ്റു. കൊല്ലപ്പെട്ട നിക്കിയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയുമായ വിപിനാണ് വെടിയേറ്റത്. ശനിയാഴ്ച കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗ്രേറ്റർ നോയിഡ പൊലീസ് പ്രതിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് ദേഹത്തൊഴിച്ച തിന്നര്‍ വാങ്ങിയ കുപ്പി വീണ്ടെടുക്കാന്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ വിപിന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് പിസ്റ്റള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സിർസ ചൗരാഹയ്ക്ക് സമീപത്തുവച്ച് ഇയാള്‍ കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസ് വെടിയുതിര്‍ത്തു. വിപിന്‍റെ കാലിലാണ് വെടിയേറ്റത്. ALSO READ: ‘മുമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചു, കത്തിച്ചു’; എസ്‌യുവിയും ബുള്ളറ്റും കൊടുത്തു, വീണ്ടും ആര്‍ത്തി ...
കേസില്‍ കസ്റ്റഡിയിലായെങ്കിലും യാതൊരു പശ്ചാത്താപവും പ്രതിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ‘എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഞാൻ അവളെ കൊന്നിട്ടില്ല. അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യാഭർത്താക്കന്മാർ പലപ്പോഴും വഴക്കുണ്ടാക്കാറുണ്ട്. അത് വളരെ സാധാരണമാണ്’ വിപിന്‍ പൊലീസിനോട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ALSO READ; ‘സ്ത്രീധനം 36 ലക്ഷം വേണം, നീ മരിക്കുന്നതാണ് ഭേദം’: യുവതിയെ തീകൊളുത്തി കൊന്ന് ഭർത്താവും കുടുംബവും ...
അതേസമയം, വിപിന് വെടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി നിക്കിയുടെ പിതാവും രംഗത്തെത്തി. പൊലീസിന്‍റെ നടപടി ശരിയാണെന്നും. ഒരു കുറ്റവാളി എപ്പോഴും ഓടിപ്പോകാൻ ശ്രമിക്കും. വിപിന്‍ ഒരു കുറ്റവാളിയാണ്. വിപിനെ പോലെ തന്നെ കേസില്‍ മറ്റുള്ളവരെയും പിടികൂടണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. നിക്കിയുടെ പിതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
2016-ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയതായി നിക്കിയുടെ സഹോദരി കാഞ്ചൻ പറയുന്നുണ്ട്. 36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും ആരോപിച്ചു.
സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. മറ്റൊരു വിഡിയോ ദൃശ്യത്തിൽ തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം. തുടർന്ന് ഒരു സ്ത്രീ നിക്കിയുടെ ദേഹത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. നിക്കിയുടെ ദേഹത്ത് എന്തോ ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നെന്ന് നിക്കിയുടെ മകൻ പറഞ്ഞു.