കര്‍ണാടകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ്. ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. ഇരുവരും കാറില്‍ ഇരുന്നു സംസാരിക്കവേ പ്രകോപിതനായ യുവാവ് കാറടക്കം ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു.

32 കാരി ശ്വേതയാണ് കൊല്ലപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പ് ജോലിസ്ഥലത്തുവച്ചാണ് മരിച്ച ശ്വേതയും പ്രതിയായ രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ശ്വേതയാകട്ടെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രവി തന്റെ കാമുകിയാകാൻ ശ്വേതയെ നിര്‍ബന്ധിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ശ്വേതയ്ക്കു വേണ്ടി സ്വന്തം ഭാര്യയെ പോലും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് രവി പറഞ്ഞതായും വിവരമുണ്ട്. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു.

ഇരുവരും കാറില്‍ ഇരുന്ന് സംസാരിക്കവേ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കുകയായിരുന്നു. കാര്‍ തടാകത്തില്‍ വീണതിന് പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശ്വേത മുങ്ങിമരിച്ചു. ചോദ്യം ചെയ്യലിൽ, കാർ അബദ്ധത്തിൽ തടാകത്തിൽ വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടു എന്നാല്‍ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പൊലീസിനോട് പറഞ്ഞത്. 

ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രവിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. രവിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ENGLISH SUMMARY:

Karnataka murder case: A woman was murdered in Karnataka after rejecting a man's love proposal. The incident occurred in Chandanahalli, Hassan district, where the man drove a car into a lake, resulting in the woman's death.