പ്രതീകാത്മക ചിത്രം.
തമിഴ്നാട്ടിലെ മധുരയില്‍ ബൈക്കില്‍ കാറിടിപ്പിച്ച് കയറ്റി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. യുവാവുമായി ലിവ്–ഇന്‍ റിലേഷനിലായിരുന്ന യുവതിയുടെ പിതാവാണ് അറസ്റ്റിലായത്. ഇരുവരുമായുള്ള ബന്ധത്തെ എതിര്‍ത്ത യുവതിയുടെ കുടുംബം ഗൂഢാലോചന നടത്തി കൃത്യം നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസ്. അളഗര്‍ (58) എന്നയാളാണ് പൊലീസ് പിടിയിലായത്.
അളഗറുടെ മകള്‍ രാഘവി(24)യുടെ ഭര്‍ത്താവ് മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയി. ഇതിനുശേഷമാണ് രാഘവി ബന്ധുവായ സതീഷ് കുമാറു(24)മായി പ്രണയത്തിലായത്. ഇതറിഞ്ഞ യുവതിയുടെ കുടുംബം കടുത്ത എതിര്‍പ്പുയര്‍ത്തി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. വീട്ടുകാരുടെ ഭീഷണി അതിരുവിട്ടപ്പോള്‍ ഇരുവരും തിരുച്ചിയിലേക്ക് കഴിഞ്ഞമാസം ഒളിച്ചോടി. വിവാഹം നടത്താം എന്നുപറഞ്ഞ് വീട്ടുകാര്‍ രാഘവിയെ തിരിച്ചുവിളിച്ചു. ഇത് വിശ്വസിപ്പിച്ചെത്തിയ രാഘവിയെ ഇവര്‍ വീട്ടുതടങ്കലിലാക്കി.
കഴിഞ്ഞ ശനിയാഴ്ച രാഘവി ഇക്കാര്യം സതീഷിനെ വിളിച്ചറിയിച്ചു. തിരുച്ചിയില്‍ നിന്നും സതീഷ് മധുരയിലുള്ള രാഘവിയുടെ വീട്ടിലെത്തി. രാഘവിയെ തനിക്കൊപ്പം അയയ്ക്കണമെന്ന് സതീഷ് പറഞ്ഞതോടെ വീട്ടുകാര്‍ ബഹളംവച്ചു. ഒടുവില്‍ രാഘവിയും സതീഷും വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതിയുമായി കുടുംബം പൊലീസിലെത്തി. എന്നാല്‍ മേലൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മോഷണം നടന്നതിനുള്ള തെളിവ് കണ്ടെത്താനായില്ല.
പൊലീസ് സ്റ്റേഷനില്‍ നിന്ന് രാഘവിയും സതീഷും തിരുച്ചിക്ക് പോകാന്‍ തീരുമാനിച്ചു. ബൈക്കിലായിരുന്നു ഇവര്‍ പോയത്. പിന്നാലെ കാറുമായെത്തിയ രാഘവിയുടെ പിതാവ് ഇവര്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാറിടിപ്പിക്കുകയായിരുന്നു. സതീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ രാഘവിയെ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന രാഘവി അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അളഗറും മകന്‍ രാഹുലും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ സഹായിച്ച മറ്റ് ബന്ധുക്കളടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.