പഠനത്തിന്‍റെ സമ്മര്‍ദം താങ്ങാന്‍ വയ്യെന്ന് കുറിപ്പെഴുതി വച്ച് ബിടെക് വിദ്യാര്‍ഥി ജീവനൊടുക്കി. ബിഹാര്‍ സ്വദേശിയായ ശിവം (24) ആണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ സര്‍വകലാശാലയിലെ അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. ഒരുവര്‍ഷത്തോളമായി ആലോചിച്ചുറപ്പിച്ച ശേഷമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ഈ സമ്മര്‍ദം ഇനിയും താങ്ങി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും യുവാവിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
'നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോഴേക്കും ഞാന്‍ മരിച്ചിട്ടുണ്ടാവും. എന്‍റെ മരണം എന്‍റെ മാത്രം തീരുമാനമാണ്. അതില്‍ മറ്റാര്‍ക്കും പങ്കില്ല. ഈ ലോകം എനിക്കുള്ളതല്ല. അല്ലെങ്കില്‍ ഞാന്‍ ഈ ലോകത്തിന് ചേര്‍ന്ന ആളല്ല. ഒരു പ്രയോജനവുമില്ലാത്ത മനുഷ്യനായിപ്പോയി. മരണത്തിന്‍റെ കാര്യം തിരക്കി മറ്റാരെയും ബുദ്ധിമുട്ടിക്കരുത്. ഞാനൊരിക്കലും ഒരു നല്ല വിദ്യാര്‍ഥിയായിട്ടില്ല. അല്ലെങ്കില്‍ ഈ നശിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന് ചേര്‍ന്ന വിദ്യാര്‍ഥിയല്ല. രാജ്യത്തിന് പുരോഗതിയിലേക്ക് പോകണമെങ്കില്‍ ശരിക്കുമുള്ള വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നാരംഭിക്കുകയാണ് വേണ്ടത്. മൂന്നാം വര്‍ഷ പഠനം ആരംഭിച്ച ശേഷം ഇന്നുവരെയും ഞാന്‍ ക്ലാസില്‍ വരാത്തത് കൊണ്ട് മുന്‍കൂറായി വാങ്ങിയ തുക അച്ഛനും അമ്മയ്ക്കും നല്‍കണം. കഴിയുമെങ്കില്‍ എന്‍റെ അവയവങ്ങള്‍ ദാനം ചെയ്യണം. സ്നേഹിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ബാബാ, അമ്മേ എനിക്കൊന്നും ആകാന്‍ കഴിഞ്ഞില്ല. ഈ സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല. മാപ്പ്'... എന്നാണ് കുറിപ്പിലുള്ളത്.
സ്വാതന്ത്ര്യദിനത്തിന്‍റെ രാത്രിയിലാണ് കോളജ് ഹോസ്റ്റലില്‍ നിന്ന് വിവരം ലഭിച്ചതെന്നും എത്തിയപ്പോള്‍ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിച്ചുവെന്നും ഗ്രേറ്റര്‍ നോയിഡ എഡിസിപി സുധീര്‍ കുമാര്‍ അറിയിച്ചു. പല വിഷയങ്ങള്‍ക്കും ശിവം തോറ്റിരുന്നുവെന്നും ഈ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ജീവിതം അവസാനിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം എന്നും അദ്ദേഹം വിശദീകരിച്ചു.
ജീവനൊടുക്കിയെന്ന് പറയപ്പെടുന്ന ദിവസം വൈകുന്നേരവും മകന്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വീട്ടിലെ എല്ലാവരുടെയും ക്ഷേമം അന്വേഷിച്ചുവെന്നും പിതാവ് കാര്‍ത്തിക് പറയുന്നു. 2002ലാണ് മകന്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാനായി ചേര്‍ന്നത്. ഒരു വര്‍ഷമായി ഒരു വിദ്യാര്‍ഥി ക്ലാസിലെത്തിയിട്ട് പോലും കാര്യങ്ങള്‍ അന്വേഷിക്കുകയോ വീട്ടുകാരെ അറിയിക്കുകയോ ചെയ്യാതിരുന്നത് കോളജ് അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.