കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആരോപണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ്

മകളുടെ ആത്മഹത്യ പ്രതി റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തെഴുതിയത്. മതപരിവർത്തനത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

Also Read: കോതമംഗലത്തെ 23 വയസുകാരിയുടെ മരണം; മതപരിവര്‍ത്തനത്തിന് കേസെടുത്തേക്കില്ല


എന്നാൽ മതപരിവർത്തനം സംബന്ധിച്ച് കേസെടുക്കാൻ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. റമീസ് മറ്റൊരു ബന്ധത്തിന് ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കവും മാനസിക സമ്മർദവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ റമീസ് പെൺകുട്ടിയെ മർദിച്ചോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. ഇത് പരിശോധിച്ച ശേഷമാകും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്.

മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. റിമാൻഡിലുള്ള പ്രതി റമീസിനായി കസ്റ്റഡി അപേക്ഷ നൽകി. ഇയാളെ ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് സാധ്യത.

ഇതിനിടെ ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ENGLISH SUMMARY:

Kothamangalam suicide case sparks NIA investigation calls from the family. The family alleges weak charges against the accused, prompting police to form a special investigation team.