കോതമംഗലത്തെ 23 വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മതപരിവര്‍ത്തനത്തിന് കേസെടുത്തേക്കില്ല. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. റമീസിന്‍റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ സഹോദരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് അന്വേഷണം നടത്തുക. മതപരിവര്‍ത്തനം സംബന്ധിച്ച് കേസെടുക്കാന്‍ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. റമീസ് മറ്റൊരു ബന്ധത്തിന് ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കവും മാനസിക സമ്മർദവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ റമീസ് പെൺകുട്ടിയെ മർദ്ദിച്ചോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരു. ഇത് പരിശോധിച്ച ശേഷമാകും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്.
റിമാൻഡിലുള്ള പ്രതി റമീസിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പെൺകുട്ടിയെ മർദിച്ച പറവൂർ വെടിമറയിലെ വീട്ടിലെത്തിച്ച് പ്രതിയുമായി തെളിവെടുപ്പ് നടത്തും. പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് സാധ്യത.