മഹാരാഷ്ട്രയില്‍ സെക്സ് റാക്കറ്റില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയ 14 കാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നുമാസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബംഗ്ലദേശുകാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ഹോർമോണുകളും കുത്തിവച്ചതായും ലഹരി മരുന്നു നല്‍കി ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
പരീക്ഷയില്‍ ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്ന് പെൺകുട്ടി ഒളിച്ചോടുകയായിരുന്നു. തുടർന്നാണ് സെക്സ് റാക്കറ്റിന്റെ കയ്യിൽ അകപ്പെട്ടത്. അറസ്റ്റിലായ പ്രതികളിലെ സ്ത്രീകളാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗ്ലദേശില്‍ നിന്ന ഇന്ത്യയിലേക്ക് കടത്തിയത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ജുവനൈൽ ഹോമില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ചു വരികയാണ്.
പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ഹോർമോൺ കുത്തിവയ്പ്പുകൾ നൽകിയിരിക്കാമെന്നും പൊലീസുകാര്‍ പറയുന്നു. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചതായും തിരിച്ചറിയാന്‍ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ച് ശരീരത്തില്‍ അടയാളമുണ്ടാക്കിയതായും ഉദ്യോഗസ്ഥർ പറയുന്നു. നിരന്തരം മര്‍ദനത്തിനും പെണ്‍കുട്ടി ഇരയായിട്ടുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഹോര്‍മോണ്‍ കുത്തിവയ്പ്പുകള്‍ നല്‍കി ലൈംഗിക വൃത്തിയിലേക്ക് വിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ മധു ശങ്കർ എന്‍ഡിടിവിയോട് പറഞ്ഞു.
മീര-ഭായന്ദർ വസായ്-വിരാർ പൊലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റ് (എഎച്ച്ടിയു), എൻജിഒകളായ എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നിവയുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ജൂലൈ 26 ന് വസായിലെ നൈഗാവിലുള്ള ഫ്ലാറ്റിലെ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ മോചിപ്പിച്ചത്. 14 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെയാണ് ഓപ്പറേഷനിലൂടെ സെക്സ് റാക്കറ്റിന്‍റെ പിടിയില്‍ നിന്നും സംഘം മോചിപ്പിച്ചത്. റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ പിടികൂടാന്‍ രാജ്യത്തെ വിവിധയിടങ്ങളിലേക്ക് പൊലീസ് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടികളെ നവി മുംബൈ, മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്ത്, കർണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കടത്തിയിരുന്നതെന്നാണ് പൊലീസ് കരുതുന്നത്.