ബിഹാറിലെ ദര്‍ഭാംഗയില്‍ ദുരഭിമാനക്കൊല. നഴ്സിങ് വിദ്യാര്‍ഥിയായ 25കാരന്‍ രാഹുല്‍ കുമാറിനെയാണ് ഭാര്യാപിതാവ് കൊല്ലപ്പെടുത്തിയത്. ദര്‍ഭാംഗ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായ രാഹുല്‍ നാലു മാസം മുന്‍പാണ് സഹപാഠിയും സുഹൃത്തുമായ തനുപ്രിയയെ വിവാഹം കഴിച്ചത്. ഇതറിഞ്ഞ തനുവിന്‍റെ കുടുംബം കടുത്ത അമര്‍ഷത്തിലായിരുന്നു.
റജിസ്റ്റര്‍ വിവാഹം കഴിഞ്ഞെങ്കിലും ഒരേ ഹോസ്റ്റലിലെ വെവ്വേറെ നിലകളിലായാണ് രാഹുലും തനുവും താമസിച്ചിരുന്നത്. രാഹുലിനെ കാണാനായി ഹൂഡി ധരിച്ച് ഹോസ്റ്റലിലേക്ക് എത്തിയ പ്രേംശങ്കര്‍ രാഹുലിന്‍റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് തനു മൊഴി നല്‍കി. വെടിയേറ്റ് പ്രേം തന്‍റെ മടിയിലേക്കാണ് വീണതെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും കൃത്യത്തെ കുറിച്ച് അറിവുണ്ടെന്നും തനു പൊലീസില്‍ നല്‍കിയ മൊഴിയിലുണ്ട്. അച്ഛനും സഹോദരന്‍മാരും രാഹുലിനെ അപായപ്പെടുത്തിയേക്കുമെന്ന് ഭയന്നതിനാല്‍ കോടതിയില്‍ നിന്നും സംരക്ഷണ തേടിയിരുന്നെന്നും തനു പറയുന്നു.
വെടിയൊച്ച കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാഹുലിനെയും അലമുറയിട്ട് കരയുന്ന തനുവിനെയുമാണ് കണ്ടത്. തനുവിന്‍റെ അച്ഛനാണ് വെടിയുതിര്‍ത്തതെന്ന് തിരച്ചറിഞ്ഞതും വിദ്യാര്‍ഥികള്‍ പ്രേംശങ്കറിനെ തല്ലിച്ചതച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. രാഹുലിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലേക്കും കുട്ടികള്‍ ഇരച്ചുകയറി. പ്രേം ശങ്കറിനെ പട്നയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും ജില്ലാഭരണകൂടവും പൊലീസും അറിയിച്ചു