ബിജെപി പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകനായ അഞ്ചാം പ്രതി പിഎം മനോരാജിന്‍റെ ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം നല്‍കി ഹൈക്കോടതി. തലശേരി സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരനായ മനോരാജ് കേസിലെ അഞ്ചാം പ്രതിയാണ്. വിചാരണക്കോടതിയുടെ വിധിയില്‍ പിഴവുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജീവപര്യന്തം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്നും വ്യക്തമാക്കി. അതേസമയം, മാര്‍ച്ചില്‍ ശിക്ഷിക്കപ്പെട്ട മനോരാജിന്‍റെ ശിക്ഷ മരവിപ്പിയ്ക്കുമ്പോള്‍ പ്രതി 15 ദിവസത്തെ പരോളിലായിരുന്നു. ജീവപര്യന്തം തടവ് ലഭിച്ച പ്രതിയ്ക്ക് അതിവേഗത്തിലാണ് പരോള്‍ അനുവദിച്ചത്.

2005 ഓഗസ്റ്റ് 7ന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. കേസിൽ സിപിഎം പ്രവർത്തകരായ ഒൻപതു പ്രതികൾ കുറ്റക്കാരെന്നു കഴിഞ്ഞ മാര്‍ച്ചില്‍ തലശ്ശേരി കോടതി കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.

പത്തായക്കുന്ന് കാരായിന്റവിട ടി.കെ.രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻ.വി.യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ.ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പി.എം.മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി.പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെ.വി.പത്മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നീ പ്രതികളായിരുന്നു കേസില്‍ കുറ്റക്കാർ. ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പി.കെ.ഷംസുദീൻ, 12–ാം പ്രതി മക്രേരി കിലാലൂർ ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചിരുന്നു.

ENGLISH SUMMARY:

The Kerala High Court has suspended the life sentence of PM Manoraj, the fifth accused in the Muzhappilangad Suraj murder case. Manoraj, who is the brother of the Chief Minister’s press secretary, was granted bail while he was out on parole. The court observed possible errors in the trial court’s judgment. In March, Manoraj and others were sentenced to life imprisonment in the case. The High Court will now hear arguments on the plea to cancel the life sentence entirely. This development has stirred political discussions given Manoraj’s close links to the Chief Minister’s office.