TOPICS COVERED

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയില്‍. പ്രീതം പ്രകാശ് എന്ന 42കാരനാണ് കൊല്ലപ്പെട്ടത്. പ്രതികളായ സോണിയ (32), രോഹിത് (28) എന്നിവര്‍ പൊലീസ് പിടിയിലായി. ഒരാള്‍ ഒളിവിലാണ്. ഭര്‍ത്താവിന്‍റെ ക്രിമിനല്‍ പശ്ചാത്തലവും ഗാര്‍ഹിക പീഡനവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് അയാളെ കൊലപ്പെടുത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ഡല്‍ഹി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ALSO READ; ഭാര്യയെ സംശയം; വഴക്ക് പതിവ്; കൗൺസലിങ് നൽകി പറഞ്ഞുവിട്ട് പൊലീസ്; ഒടുവില്‍ കൊല

അലിപുരിലെ അറിയപ്പെടുന്ന ക്രിമിനലാണ് പ്രീതം പ്രകാശ് എന്ന് ഡിസിപി ഹര്‍ഷ് ഇന്ദ്രോദയ മാധ്യമങ്ങളോട് വ്യക്തമാക്കി. പത്തിലധികം കേസുകള്‍ പ്രതിക്കെതിരെയുണ്ട്. ആയുധം കൈവശം വച്ചതിനും, ലഹരിയിടപാടിനുമടക്കം ഇയാള്‍ക്കെതിരെ കേസുണ്ട്. കോടതിയലക്ഷ്യക്കേസും പ്രീതത്തിനെതിരെയുണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. 2024 ജൂലൈ അഞ്ചിനാണ് കൊല നടന്നത്. ഏകദേശം ഒരുവര്‍ഷത്തിനുശേഷമാണ് സംഭവം പുറത്തറിയുന്നത്.

സോണിയയും പ്രീതവും തമ്മില്‍ വഴക്ക് പതിവായിരുന്നു. അങ്ങനെ 2024 ജൂലൈയില്‍ സോണിയ പ്രീതത്തോട് വഴക്കിട്ട് ഗന്നൂരുള്ള സഹോദരിയുടെ വീട്ടിലെത്തി. സഹോദരി ഭര്‍ത്താവായ വിജയ്‌യോട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ 50,000 രൂപ നല്‍കാമെന്ന വാഗ്ദാനവും സോണിയ നല്‍കി. അന്ന് വൈകിട്ട് പ്രീതം സോണിയയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തി. പക്ഷേ സോണിയ കൂടെ പോയില്ല. അന്നേദിവസം പ്രീതം അവര്‍ക്കൊപ്പം ആ വീട്ടില്‍ താമസിച്ചു. അന്ന് രാത്രി സോണിയയ്ക്കൊപ്പം ടെറസിലായിരുന്നു പ്രീതം കിടന്നത്. ഈ സമയം വിജയ് പ്രീതത്തെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അഗ്വാന്‍പുരിലുള്ള ഓടയില്‍ കൊണ്ടിട്ടു. ഇതിന്‍റെ വിഡിയോ വിജയ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചുവെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തു. ALSO READ; 'രണ്ടാമത്തെ കുഞ്ഞിന്‍റെ പിതൃത്വത്തില്‍ സംശയം'; ഭാര്യയുടെ അവിഹിതത്തില്‍ മക്കളെ കൊന്ന് യുവാവ് ജീവനൊടുക്കി

ജൂലൈ 20ന് സോണിയ അലിപുര്‍ പൊലീസില്‍ ഭര്‍ത്താവിനെ കാണാനില്ല എന്നുകാട്ടി ഒരു പരാതി കൊടുത്തു. കേസന്വേഷണം ഒരു വഴിക്കും എത്താതിരുന്നപ്പോഴാണ് കഴിഞ്ഞിടയ്ക്ക് പ്രീതത്തിന്‍റെ മൊബൈല്‍ ഫോണ്‍ ആക്ടിവായത്. പ്രീതത്തെ കണ്ടെത്താന്‍ യാതൊരു ഡിജിറ്റല്‍ തെളിവും ലഭ്യമാകാതിരുന്ന അന്വേഷണസംഘത്തിന് അതോടെ തുമ്പ് കിട്ടി. ഫോണ്‍ ഉപയോഗിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അത് സോണിയയുടെ കാമുകന്‍ രോഹിത്താണെന്ന് ബോധ്യമായത്.

ആദ്യം അന്വേഷണം വഴിതിരിച്ചുവിടുന്ന തരത്തിലുള്ള പല മൊഴികളും നല്‍കിയെങ്കിലും രോഹിത് അവസാനം കുറ്റസമ്മതം നടത്തി. ഒരുമിച്ചാണ് പ്രീതത്തെ കൊല്ലാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും രോഹിത് വെളിപ്പെടുത്തി. വിജയ്ക്ക് സോണിയ പണം നല്‍കിയെന്ന വിവരവും രോഹിത്താണ് പൊലീസിന് നല്‍കിയത്. ഇതേസമയം ഹരിയാന പൊലീസ് തിരിച്ചറിയാത്ത ഒരു പുരുഷ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെടുത്തതായ വിവരവും പൊലീസിന് ലഭിച്ചു. ഇതിനിടെ പ്രീതത്തിന്‍റെ ഓട്ടോറിക്ഷ നാലരലക്ഷത്തിന് സോണിയ വിറ്റു. മൊബൈല്‍ ഫോണ്‍ രോഹിത്തിനും നല്‍കി. 

പതിനഞ്ചു വര്‍ഷം മുന്‍പ് കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് പ്രണയവിവാഹിതരായവരാണ് പ്രീതവും സോണിയയും. പിന്നീട് ഇവരെ കുടുംബങ്ങള്‍ അംഗീകരിച്ചു. അതുകൊണ്ടു തന്നെ പൊലീസ് കേസുണ്ടായില്ല. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുമുണ്ട്. 16 വയസ്സായ ഒരാണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമായി ഇവര്‍ക്കുള്ളത്. സോണിയയുടെ കാമുകന്‍ രോഹിത് വിവാഹിതനാണ്. പ്രൈവറ്റ് ടാക്സി ഡ്രൈവറായ ഇയാളുടെ വിവാഹം 2025 ഏപ്രില്‍ മാസത്തിലാണ് കഴിഞ്ഞതെന്നും ഇയാള്‍ക്കെതിരെ പല ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല, ആയുധം കൈവശം വച്ചു തുടങ്ങിയ കേസുകളാണ് രോഹിത്തിനെതിരെയുള്ളത്. ഒളിവിലുള്ള പ്രതി വിജയ്ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Delhi Police has arrested a woman and her boyfriend for allegedly plotting and executing the murder of her husband and dumping his body in a drain in Haryana's Sonipat. The arrested accused have been identified as Soniya (34), a resident of Alipur in Delhi, and her 28-year-old boyfriend Rohit, who hails from Sonipat, the official said, adding that another accused in the case, Vijay, is on the run. The murder was committed over the affair, as well as the victim's abusive and criminal behaviour, says police