പത്തനംതിട്ട പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നു. ജയകുമാര്‍ എന്നയാളാണ് ഭാര്യ ശാരിമോളെ കുത്തിക്കൊന്നത്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. കൊലയ്ക്കുശേഷം ഒളിവില്‍പോയ ജയകുമാറിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ALSO READ; പത്തനംതിട്ട പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു; അച്ഛനും പിതൃസഹോദരിക്കും പരുക്ക്
കുടുംബകലഹമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ജയകുമാറും ശാരിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ശാരിമോളെ ഭര്‍ത്താവ് ജയകുമാറിന് സംശയമായിരുന്നു. ഇതാണ് വഴക്കിന് പ്രധാനകാരണമായിരുന്നതും. ശാരീരിക ഉപദ്രവമടക്കം പതിവായതോടെ ശാരിമോള്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നല്ല, പലവട്ടം യുവതി പൊലീസില്‍ ഇത്തരത്തില്‍ പരാതിയുമായെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ALSO READ; മകളെ പീഡിപ്പിച്ച് കൊന്നുവെന്ന് അമ്മ; മകള്‍ക്ക് വിഷാദമായിരുന്നുവെന്ന് അച്ഛന്‍; 15കാരിയുടെ മരണം ദുരൂഹം
കവിയൂരാണ് ജയകുമാറിന്‍റെ വീട്. ശാരിമോളുടെ വീടാണ് പുല്ലാട്. ഇവിടെയായിരുന്നു ശാരിമോളും ഭര്‍ത്താവ് ജയകുമാറും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇന്നലെ രാത്രിയും പതിവ് പോലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. പ്രശ്നം വഷളായി. ഇതിനിടെയാണ് ജയകുമാർ ഭാര്യ ശാരിയേയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തിയത്. പരിക്കേറ്റ മൂന്നുപേരെയും ശബ്ദംകേട്ടെത്തിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ ശാരി മരിച്ചു.