റാപ്പര്‍ വേടന്‍, വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായും ശാരീരികമായും വേടന്‍ തന്നെ ചൂഷണം ചെയ്തുവെന്ന് യുവ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് 2023 മാര്‍ച്ച് വരെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 

ഒരു ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഫ്ലാറ്റില്‍ വന്നത്

യുവ ഡോക്ടര്‍ പിജി ചെയ്യുന്ന സമയത്താണ് 2021 ഏപ്രിലില്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുമായി ഇൻസ്റ്റഗ്രാം വഴി  പരിചയപ്പെടുന്നത്. വേടന്‍ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച ഇൻറർവ്യൂകളും പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയച്ചു. പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. തന്നെ ഇഷ്ടമാണെന്നും,  വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറയുന്നു. പരിചയപ്പെട്ട ശേഷം പരസ്പരം ഫോണില്‍ വിളിച്ചു. 

ഒരുദിവസം ഫെയ്സ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണിൽ വിളിച്ചു. ഉച്ചയോടെ വേടന്‍ യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി. ഫെയ്സ്ബുക് പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താന്‍ സമ്മതിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന്  വേടന്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്. ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് പോയത്. 

പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറിൽ തന്‍റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതൽ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു നൽകി. ഇതിനുമാത്രം 8,356 രൂപ സ്വന്തം കയ്യില്‍ നിന്ന് ചെലവഴിച്ചു. 2022 മാർച്ച് , ജൂൺ മാസങ്ങളിൽ വേടൻ ദിവസങ്ങളോളം തന്‍റെ ഫ്ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു. 

പഠനം പൂർത്തിയാക്കിയ ഡോക്ടര്‍ 2022 ഓഗസ്റ്റിൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു. 2023 മാർച്ചിൽ  വേടന്‍റെ കൂട്ടുകാരന്‍റെ കൊച്ചിയിലെ വീട്ടിൽ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. 2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീത നിശയിൽ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്‍റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തി. വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോൺ ചെയ്യുമ്പോൾ കൂട്ടുകാർ ഫോൺ എടുത്തില്ല.

ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റിൽ വേടനെത്തി. വേടന്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു. വളരെ ദേഷ്യത്തിലെത്തിയ വേടന്‍ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും, മറ്റു പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്. തുടര്‍ന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്ലാറ്റ് വിട്ടുപോയി. ഉടന്‍ തന്നെ ഫോണ്‍ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട്  പലവട്ടം അവനെ വിളിച്ചെങ്കിലും വേടൻ ഫോൺ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

വേടന്‍ ബന്ധം അവസാനിപ്പിച്ച് പോയത് കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്നും ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു. വേടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടാണ് താൻ മൊഴി നല്‍കാന്‍ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു. വേടന്‍ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയാകുകയും അടുത്തിടെ തന്‍റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെയാണ് തന്‍റെ ദുരനുഭവം വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പെണ്‍കുട്ടി പറയുന്നു.

ENGLISH SUMMARY:

Shocking details emerge from a complaint against rapper Vedan (Hirandas Murali) alleging sexual assault, financial exploitation, and rape under the pretext of marriage in Kozhikode. The young doctor's complaint outlines a disturbing pattern of abuse.