നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച കേസിൽ ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി. സിസേറിയന് നേരത്തെ തീരുമാനമെടുക്കാമായിരുന്നെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. സിസേറിയന് കാലതാമസം ഉണ്ടായതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് അന്വേഷണ സമിതിയുടെ കണ്ടെത്തലും. കുട്ടിക്ക് വളർച്ച കുറവായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നിലവില്‍ സസ്പെന്‍ഷനിലുള്ള ഡോക്ടര്‍ ബിന്ദുവിനെതിരെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളും വന്നേക്കും. ചൊവ്വാഴ്ചയാണ് പാലോട് സ്വദേശി നിരഞ്ജന കൃഷ്ണന്‍റെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. പ്രസവമെടുക്കുന്നതിനായി രണ്ടു തവണയായി ഡോക്ടര്‍ ബിന്ദുവിന് അയ്യായിരം രൂപ വീതം നല്‍കിയതായി നിരഞ്ജനയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. 

പ്രസവ വേദനയുമായി കഴിഞ്ഞ ഓഗസ്റ്റില്‍ നെടുമങ്ങാട് ആശുപത്രിയില്‍ അഡ്മിറ്റായ ആമിന എന്ന യുവതിയും ഡോക്ടര്‍ ബിന്ദുവിനെതിരെ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 20 ന് പ്രസവത്തിനെത്തിയ യുവതി പ്രസവ വേദന കൊണ്ട് നിലവിളിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ബിന്ദു നോക്കിയില്ലെന്നും ഒടുവില്‍ ആളുകള്‍ ബഹളം വച്ചതോടെ മറ്റൊരു ഡോക്ടര്‍ എത്തിയാണ് കുഞ്ഞിനെ എടുത്തതെന്നുമായിരുന്നു ആമിനയുടെ ഭര്‍ത്താവ് സല്‍മാന്‍റെ ആരോപണം. ഈ സംഭവത്തില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കി ആറുമാസമായിട്ടും നടപടിയുണ്ടായിരുന്നില്ല.

ENGLISH SUMMARY:

An official inquiry report by a panel of three doctors from Thiruvananthapuram Medical College has confirmed serious negligence by Dr. Bindu Sundar in the infant death case at Nedumangad District Hospital. The report states that there was an unjustifiable delay in performing the cesarean section, which could have been decided much earlier. The victim, Niranjana Krishnan from Palode, lost her baby during delivery on Tuesday. The family has also raised serious bribery allegations, claiming they paid Dr. Bindu ₹10,000 in two installments for the delivery. Additionally, past complaints against the doctor have resurfaced, including an incident involving a woman named Amina in August. Dr. Bindu is currently under suspension, and further disciplinary actions are expected based on these findings. The health department is under pressure to take stringent measures against medical negligence in government hospitals