പ്രതീകാത്മക എഐ ചിത്രം
ഉപേക്ഷിച്ച് പോയ ഭാര്യയോട് പ്രതികാരം ചെയ്യാന്‍ 10 വയസുകാരനായ മകനെ, ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് ക്രൂരമായി കൊലചെയ്ത് പിതാവ്. ഡൽഹിയിലെ നരേലയില്‍ നരേന്ദര്‍ എന്ന യുവാവാണ് കൊല നടത്തിയത്. മയക്കുമരുന്നിനും മദ്യത്തിനും അടിമയായതിനെത്തുടര്ന്നാണ് ഭാര്യ രണ്ടുമക്കളെയും കൊണ്ട് ഇയാളെ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുംവഴി മകനെ കൊല ചെയ്ത കാര്യം നരേന്ദര്‍ തന്നെയാണ് ഭാര്യയെ വിളിച്ചറിയിച്ചത്.
ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ സഹികെട്ട് രണ്ടുകുട്ടികളുമായി വീടുവിട്ട കോമള്‍ നരേലയിലെ ഓംവിഹാര്‍ കോളനിയില്‍ താമസിച്ചുവരികയായിരുന്നു. ഇത് നരേന്ദറിനെ കൂടുതല്‍ ചൊടിപ്പിച്ചു. തിരികെ വരാൻ അയാൾ പലവട്ടം ഭാര്യയോട് അപേക്ഷിക്കുകയും പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന മകനെ ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ഭാര്യയെ വിളിച്ച്, തന്റെ അടുത്തേക്ക് വരാത്തതിനാല്‍ മകനെ കൊന്നു എന്ന് അറിയിച്ചു. ഭര്‍ത്താവ് മകനെ കൊല ചെയ്ത കാര്യം കോമള്‍ തന്നെയാണ് പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിച്ചത്.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 103 (കൊലപാതകം) പ്രകാരം നരേല പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും നരേന്ദറിനെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകൾക്കകം നരേലയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ചൊവ്വാഴ്ച പുലർച്ചെ ഒരാൾ 27 കാരിയായ യുവതിയെ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് തള്ളിയിട്ട് കൊല ചെയ്തിരുന്നു.